ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ലഭിച്ചിട്ടുള്ളത്. അതിൽ മൂന്ന് പ്രമുഖ പരിശീലകരുടെ പേരുകൾ നിലവിൽ പുറത്തുവന്നിരിക്കുകയാണ്. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം..
സ്പാനിഷ് പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസാണ് അപേക്ഷ നൽകിയവരിൽ പ്രധാനി. ഇന്ത്യൻ ഫുട്ബോളിന് ഹബാസ് ഒരു ഇതിഹാസ പരിശീലകനാണ്. ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാനെ രണ്ട് തവണയും, എ.ടി.കെ കൊൽക്കത്തയെ ഒരു തവണയും ചാമ്പ്യൻമാരാക്കിയാണ് അദ്ദേഹം തന്റെ കഴിവ് തെളിയിച്ചത്. ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള അദ്ദേഹത്തിന്റെ പേര് ഖേൽ നൗവാണ് റിപ്പോർട്ട് ചെയ്തത്.
അർജന്റീനൻ പരിശീലകൻ റോഡോൾഫോ സപാറ്റയും ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഫിജി അണ്ടർ 20 ടീമിനെയും യു.എസ്.എ യൂത്ത് ടീമിനെയും പരിശീലിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സപാറ്റയുടെ പേര് മെഹർ സോധി എന്ന മാധ്യമപ്രവർത്തകനാണ് റിപ്പോർട്ട് ചെയ്തത്.
മുൻ പഞ്ചാബ് എഫ്.സി മാനേജർ സ്റ്റൈക്കോസ് വെർഗെറ്റിസാണ് അപേക്ഷ സമർപ്പിച്ച മൂന്നാമത്തെയാൾ. ഐ ലീഗിലും ഐഎസ്എല്ലിലും പഞ്ചാബ് എഫ്.സിയെ പരിശീലിപ്പിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വെർഗെറ്റിസ്, ഇന്ത്യൻ ഫുട്ബോളിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കെൽപ്പുള്ള പരിശീലകനായാണ് വിലയിരുത്തപ്പെടുന്നത്. ഫീൽഡ് വിഷൻ എന്ന മാധ്യമമാണ് ഈ വിവരം പുറത്തുവിട്ടത്.
ഈ മൂന്ന് പരിശീലകരുടെയും അപേക്ഷകൾ എഐഎഫ്എഫിന്റെ പരിഗണനയിലാണ്. ഇന്ത്യൻ ഫുട്ബോളിന് പുതിയൊരു ദിശാബോധം നൽകാൻ കെൽപ്പുള്ളവരെയാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
