സൂപ്പർ താരം നെയ്മർ 2023 ലാണ് യൂറോപ്പ് വിടുന്നത്. ബാഴ്സലോണ, പിഎസ്ജി എന്നീ വമ്പൻമാർക്ക് വേണ്ടി പന്ത് തട്ടിയതിന് ശേഷമാണ് അദ്ദേഹം യൂറോപ്യൻ കരിയറിൽ നിന്നും സൗദി പ്രൊ ലീഗ് ക്ലബായ അൽ-ഹിലാലിലേക്ക് പോകുന്നത്. എന്നാൽ പരിക്കുകൾ നിരന്തരം വേട്ടയാടിയതോടെ താരം തന്റെ ബാല്യകാല ക്ലബായ സാന്റോസിലേക്ക് മടങ്ങുകയും ചെയ്തു. ഇപ്പോഴിതാ നെയ്മർക്ക് വേണ്ടിയുള്ള ഒരു വമ്പൻ നീക്കം നടക്കുകയാണ്.
ലയണൽ മെസ്സിയുടെ ഇന്റർ മിയാമി നെയ്മർക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്നതായാണ് പുതിയ റിപോർട്ടുകൾ. നേരത്തെയും നെയ്മർക്കായി മിയാമി നീക്കം നടത്തിയിരുന്നു. എന്നാൽ സാന്റോസുമായുള്ള കരാർ 2025 ഡിസംബറിൽ അവസാനിക്കിനിരിക്കെയാണ് മിയാമി താരത്തിനായി വീണ്ടും ശ്രമം നടത്തുന്നത്.
നെയ്മറെ ക്ലബ്ബിൽ എത്തിക്കുക എന്നത് മിയാമിയെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം നെയ്മറുടെ ഉറ്റസുഹൃത്തുക്കളായ മെസ്സി, സുവാരസ് എന്നിവർ ഇപ്പോൾ പന്ത് തട്ടുന്നത് മിയാമിയിലാണ്. ഈ ബന്ധം ഉപയോഗിച്ച് മാത്രം മിയമിയ്ക്ക് നെയ്മറെ സ്വന്തമാക്കാൻ കഴിയും.
നെയ്മർ മിയാമിയിലേക്ക് മടങ്ങുകയാണ് എങ്കിൽ ഒരുകാലത്ത് യൂറോപ് ഭരിച്ചിരുന്ന ബാഴ്സയുടെ എംഎസ്എൻ സഖ്യത്തിന്റെ റീ- യൂണിയൻ കൂടി ആരാധകർക്ക് കാണാം.
33 കാരനായ താരത്തിന് പരിക്കുകൾ തലവേദനയാണ് എങ്കിലും സാന്റോസിനായി നിലവിൽ 23 മത്സരങ്ങൾ കളിച്ച നെയ്മർ 6 ഗോളുകളും 3 അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.
