പാക് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ബാബർ അസാം. സ്ട്രൈക്ക് റേറ്റിന്റെ പേരിൽ ഏറെ വിമർശനം കേൾക്കുന്ന ബാബർ ആധുനിക ക്രിക്കറ്റിലെ സാങ്കേതിക മികവുള്ള ബാറ്റർമാരിൽ ഒരാളാണ് എന്ന കാര്യത്തിൽ സംശയമില്ല. ടി20യ്ക്ക് അനുയോജ്യനല്ലാത്ത താരമാണെങ്കിലും താരമിപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ ഒരുമിച്ച് ചേർത്തുള്ള ടീമാണ് ബാബർ പ്രഖ്യാപിച്ചത്. ബാബർ തിരഞ്ഞെടുത്ത ടീം പരിശോധിക്കാം…
കോഹ്ലിയും ബുമ്രയും ഉൾപ്പെടാത്ത ടീമിൽ രോഹിത് ശർമയ്ക്കും സൂര്യകുമാർ യാദവിനും ബാബർ അവസരം നൽകിയിട്ടുണ്ട്. രോഹിത് ശർമയ്ക്കൊപ്പം പാക് ടീമിലെ തന്റെ സഹതാരമായ മുഹമ്മദ് റിസ്വാനാണ് ബാബറിന്റെ ടീമിലെ ഓപ്പണിങ് ജോഡി. മൂന്നാം നമ്പറിൽ കോഹ്ലിയ്ക്ക് പകരം പാക് താരം ഫഖർ സമാനാണ് ടീമിൽ.
നാലാം നമ്പറിലാണ് സൂര്യകുമാർ യാദവ്. അഞ്ചാമനായി ജോസ് ബട്ട്ലറും ആറാമനായി സൗത്ത് ആഫ്രിക്കയുടെ ഡേവിഡ് മില്ലറുമാണ് ടീമിൽ. സ്വന്തം ടീമിൽ ബാബർ ഇല്ല എന്ന പ്രത്യേകതയുമുണ്ട്.
ഏഴാം നമ്പറിൽ സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടർ മാർക്കോ ജാൻസൺ, എട്ടാം നമ്പറിൽ റാഷിദ് ഖാൻ എന്നിവർ ഇടം പിടിച്ചപ്പോൾ പേസ് ഡിപ്പാർട്മെന്റിൽ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ടിന്റെ മാർക്ക് വുഡ് എന്നിവരാണ് ബാബറിന്റെ ടീമിൽ.
ഒരു പോഡ്കാസ്റ്റ് പരിപാടിയിലായിരുന്നു ബാബർ തന്റെ ടീമിനെ തിരഞ്ഞെടുത്തത്.
