സ്പെയിനിനെ ഷൂട്ട്ഔട്ടിൽ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് കിരീടം നേടിയപ്പോൾ വൈറലാവുകയാണ് ഡഗ്ഔട്ടിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആനന്ദപ്രകടനം. സാധാരണഗതിയിൽ റോണോയിൽ കാണാത്ത വൈകാരിക നിമിഷങ്ങളാണ് ആരാധകർ കണ്ടത്.
പരിക്ക് കാരണം മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട ചെയ്യപ്പെട്ട റോണോ പെനാൽറ്റി ഷൂട്ട്ഔട്ട് സഹതാരങ്ങളുമായി ഡഗ് ഔട്ടിൽ വീക്ഷിക്കവെയാണ് വൈകാരികമായ താരത്തിന്റെ ആനന്ദപ്രകടനം. ഷൂട്ട്ഔട്ട് സമയത്ത് കൈകളുയർത്തി പ്രാർത്ഥിച്ച താരം വിജയം ഉറപ്പാക്കിയതോടെ വികാരഭരിതനാവുകയും കണ്ണുകൾ നിറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അതേ സമയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്പെയിന് മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്ട്ടിന് സുബിമെന്‍ഡിയാണ് സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ആദ്യ ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.
പിന്നീട് 45-ാം മിനിറ്റ് വരെ മത്സരം സമനിലയില്‍ തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്പെയിന് ലീഡ് നേടി. മൈക്കല്‍ ഒയാര്‍സബാല്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്പെയിനിന് 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.
90 മിനിറ്റിന് ശേഷവും സമനില തുടര്‍ന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍, 120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല.ഷൂട്ടൌട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യത്തിലെത്തിച്ചു. സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൌട്ടിനുണ്ടായിരുന്നില്ല.
