അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റീനൻ സൂപ്പർ താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ (MLS) ക്ലബായ ഇന്റർ മിയാമി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരവുമായി ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായാണ് മാർക്കോസ് ബെനിറ്റോ അടക്ക്മുള്ള മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലിയോണൽ മെസ്സിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഡി പോൾ, മെസ്സിക്കൊപ്പം കളിക്കാനുള്ള താൽപ്പര്യം കാരണം ഇന്റർ മിയാമി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. ലോകകപ്പ് നേടിയ അർജൻ്റീന ടീമിലെ നിർണായക സാന്നിധ്യമായിരുന്ന ഡി പോളിന് മെസ്സിയോടുള്ള സ്നേഹം പ്രകടമാണ്.
എന്നാൽ, യൂറോപ്പിൽ ഇനിയും മികച്ച ഭാവിയുള്ള ഡി പോൾ MLS-ലേക്ക് പോകരുത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ലാ ലിഗയിൽ കളിക്കുന്ന അദ്ദേഹത്തിന് 2026 വരെ അത്‌ലറ്റിക്കോയുമായി കരാറുണ്ട്.
സാധാരണയായി, കരിയറിലെ നല്ല കാലം കഴിഞ്ഞ്, വിരമിക്കലിനോട് അടുക്കുന്നവരാണ് MLS-ലേക്ക് മാറുന്നത്. “ആ കണ്ടം ലീഗിലേക്ക് പോകരുത്” എന്ന് തുറന്നു പറഞ്ഞുകൊണ്ട് ആരാധകർ ഡി പോൾ അത്‌ലറ്റിക്കോയിൽ തുടരണമെന്നും യൂറോപ്പിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഡി പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ട് ഇന്റർ മിയാമിയിലേക്ക് പോകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. മെസ്സിക്കൊപ്പമുള്ള സൗഹൃദമാണോ കരിയറിലെ യൂറോപ്യൻ ഭാവിയാണോ അദ്ദേഹം തിരഞ്ഞെടുക്കുക എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
