ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെക്കാൾ വലിയ വീരവാദങ്ങൾ നടത്തുന്നവരാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർ. ഏഷ്യയിലെ ഏറ്റവും മികച്ച ടീം തങ്ങളാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകരുടെ സമൂഹ മാധ്യമങ്ങളിലെ അവകാശവാദം. ഇന്ത്യൻ ടീമിനെയും പരമാവധി ചൊറിയാൻ പറ്റുന്ന അവസരങ്ങൾ അവർ ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ ഏഷ്യയിലെ ഏറ്റവും മികച്ച ടീമെന്ന് സ്വയം അവകാശപ്പെടുന്ന ബംഗ്ലാദേശ് ഇപ്പോൾ ഒരു കുഞ്ഞൻ രാജ്യവുമായി തോറ്റ് പരമ്പര നഷ്ടമാക്കിയിരിക്കുകയാണ്.
ക്രിക്കറ്റിലെ കുഞ്ഞന്മാരായ യുഎഇയോടാണ് തുടർച്ചായി രണ്ടാം മത്സരത്തിലും തോറ്റ് ബംഗ്ലാദേശ് നാണംകെട്ടിരിക്കുന്നത്. ആദ്യം രണ്ട് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയായിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ യുഎഇ വിജയിച്ചു. ബംഗ്ലദേശിനെതിരെ ഏതൊരു ഫോർമാറ്റിലുമായി യുഎഇയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.
രണ്ടാം മത്സരം തോറ്റതോടെ പരമ്പര 1-1 എന്ന നിലയിൽ എത്തിയതോടെ ഒരു മത്സരം കൂടി ഉൾപ്പെടുത്താൻ ബംഗ്ലാദേശ് ആവശ്യപ്പെടുകയായിരുന്നു. മെയ് 21 നാണ് ഈ അഡിഷണൽ ടി20 മത്സരം നടന്നത്. പരമ്പര സ്വന്തമാക്കാനുള്ള ബംഗ്ലാദേശിന്റെ നീക്കമായിരുന്നു ഇത്. എന്നാൽ അഡിഷണൽ മത്സരത്തിലും തോറ്റ് ബംഗ്ലാദേശ് പരമ്പര നഷ്ടമാക്കിയിരിക്കുകയാണ്.
ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ അഞ്ച് പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു. ഇതോടെ പരമ്പര 2-1 ന് യുഎഇ സ്വന്തമാക്കുകയും ചെയ്തു.
തൻസീദ് ഹസ്സൻ, ലിറ്റൻ ദാസ്, മെഹ്ദി ഹസ്സൻ തുടങ്ങീ ബംഗ്ളദേശ് ടീമിലെ പ്രധാനികൾ മത്സരിച്ച പരമ്പര കൂടിയാണിത്. ഈ പരാജയത്തോടെ ബംഗ്ലാദേശ് ക്രിക്കറ്റും അവരുടെ ആരാധകരും ആകെ നാണം കെട്ടിരിക്കുകയാണ്.
