ടി20 ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള മാച്ച് ഒഫീഷ്യലുകളുടെ പട്ടിക ഐസിസി പുറത്തുവിട്ടതിനു പിന്നാലെ പുതിയ വിവാദം ഉയർത്തി പാക് ക്രിക്കറ്റ് ആരാധകർ (ind vs eng t20).
വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിലെ മാച്ച് റഫറിയായി സിംബാബ്‌വെയില്‍ നിന്നുള്ള ആന്‍ഡി പൈക്രോഫ്റ്റിനെ നിയമിച്ചതാണ് പാകിസ്താന്‍ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഐസിസി തലപ്പത്തുള്ള ജയ് ഷായുടെ ഇടപെടലിലൂടെ ഇന്ത്യയെ സഹായിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് പാക് ആരാധകരുടെ പ്രധാന ആരോപണം.
നാളെ രാത്രി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ സെമി ഫൈനല്‍ നടക്കുന്നത്. എന്നാല്‍ വ്യാഴാഴ്ചത്തെ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം മുറുകുന്നത്.
ഐസിസിയുടെ എലൈറ്റ് പാനലിലുള്ള പൈക്രോഫ്റ്റ് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് മുതലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും (പിസിബി) ആരാധകര്‍ക്കും അനഭിമതനായി മാറിയത്.
അന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് മുമ്പ് ഇരു ക്യാപ്റ്റന്മാരും പരസ്പരം ഹസ്തദാനം ചെയ്യുന്നത് പൈക്രോഫ്റ്റ് തടഞ്ഞു എന്നതായിരുന്നു പാകിസ്താന്റെ പരാതി.

ഏഷ്യാ കപ്പിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളോടുള്ള ആദരസൂചകമായി ഹസ്തദാനം ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
ഈ വിവരം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) വേണ്ടി പാക് ക്യാമ്പിനെ അറിയിക്കുക മാത്രമാണ് പൈക്രോഫ്റ്റ് ചെയ്തതെന്ന് പിന്നീട് ഐസിസി വ്യക്തമാക്കിയെങ്കിലും പാക് ആരാധകര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.
അന്ന് പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്ന് മാറ്റണമെന്നും ഇല്ലെങ്കില്‍ പിന്മാറുമെന്നും വരെ പാകിസ്താന്‍ ഭീഷണി മുഴക്കിയിരുന്നു. ഒടുവില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ പാകിസ്താന്റെ ശേഷിച്ച മത്സരങ്ങളില്‍ നിന്ന് പൈക്രോഫ്റ്റിനെ മാറ്റി നിര്‍ത്തുകയായിരുന്നു.
ഇപ്പോള്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ മത്സരത്തിലേക്ക് തന്നെ പൈക്രോഫ്റ്റ് വീണ്ടും എത്തിയതാണ് പാക് ആരാധകരെ ചൊടിപ്പിക്കുന്നത്.
“ഇന്ത്യക്ക് പ്രിയപ്പെട്ട ആന്‍ഡി പൈക്രോഫ്റ്റ് എത്തിയതോടെ വാംഖഡെയില്‍ അസാധാരണമായി എന്തോ സംഭവിക്കാന്‍ പോകുന്നു” എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പാക് ആരാധകര്‍ പരിഹസിക്കുന്നത്.
സെമിയില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ ഐസിസി തയ്യാറാക്കിയ പ്ലാനാണിതെന്നും ഇന്ത്യക്ക് വേണ്ടി പൈക്രോഫ്റ്റ് പന്തെറിയുമെന്നും വരെ പരിഹാസങ്ങൾ ഉയരുന്നുണ്ട്.
ബിസിസിഐ ക്രിക്കറ്റ് എന്ന ഗെയിമിനെ നശിപ്പിക്കുകയാണെന്നും പൈക്രോഫ്റ്റിനെതിരെ നടപടി വേണമെന്നും പാക് ഫാന്‍സ് ആവശ്യപ്പെടുന്നു.
വാംഖഡെയിലെ ചെറിയ ബൗണ്ടറികളും ബാറ്റിംഗ് പിച്ചും ഇംഗ്ലണ്ടിന് വെല്ലുവിളിയാകുമെന്ന് കരുതുന്ന സാഹചര്യത്തില്‍, മാച്ച് റഫറിയെ ചൊല്ലിയുള്ള ഈ വിവാദം മത്സരത്തിന് പുതിയൊരു രാഷ്ട്രീയമാനം കൂടി നല്‍കിയിരിക്കുകയാണ്.
ALSO READ: സഞ്ജു സാംസൺ ‘അണ്ടർറേറ്റഡ്’ പോരാളി; വാനോളം പുകഴ്ത്തി ഓസിസ് ഇതിഹാസം
content: ind vs eng t20