വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യകത്മാക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ഒരുക്കമാണെന്നും വിരമിക്കൽ ആലോചനയിൽ ഇല്ലെന്നും ഷമി പ്രതികരിച്ചു.
2027 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കൊപ്പം വിജയിക്കുകയെന്നതാണു തന്റെ ലക്ഷ്യമെന്നും ഷമി വ്യക്തമാക്കി.
‘‘ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോടു പറയുക. ഞാൻ വിരമിച്ചാൽ അവരുടെ ജീവിതം മെച്ചപ്പെടുമെങ്കിൽ അത് അറിയിക്കുക. ഞാൻ കളിക്കുന്നതുകൊണ്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട്? എനിക്ക് മടുക്കുമ്പോൾ ഞാൻ തന്നെ നിർത്തിപ്പോകും.’ അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ എന്നെ കളിപ്പിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയാറാണ്. അതുമില്ലെങ്കിൽ ഞാൻ മറ്റെവിടെയെങ്കിലും കളിക്കും. എന്റെ കാര്യത്തിൽ എന്തായാലും വിരമിക്കാൻ സമയമായിട്ടില്ല.’’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ കളിക്കുന്ന ടീമിനൊപ്പം ലോകകപ്പ് ഇന്ത്യയ്ക്കായി സ്വന്തമാക്കണം. 2023 ൽ ഞങ്ങൾ അതിന് അടുത്തെത്തിയതാണ്. ലോകകപ്പ് ജയിക്കുകയെന്നതു ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. എന്നാൽ എനിക്കു ഭാഗ്യമില്ലായിരിക്കാം. കഴിഞ്ഞ രണ്ടു മാസത്തോളമായി ഞാൻ നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാം നന്നായി പോകുന്നുണ്ട്. നീളമേറിയ സ്പെല്ലുകൾ പന്തെറിയാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
