ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്ക് ഇന്ത്യൻ ടീമിന് വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. അർശ്ദീപ് സിങ്, ആകാശ് ദീപ് എന്നിവർക്കേറ്റ പരിക്കിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ടീമിന്റെ പ്രധാന താരമായ ഋഷഭ് പന്തിനും പരിക്കേൽക്കുന്നത്. എന്നാൽ പന്ത് ഇന്ന് വീണ്ടും ബാറ്റിങ്ങിനിറങ്ങി എന്നത് ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും പരിക്കിന്റെ സഹചാര്യത്തിൽ അദ്ദേഹത്തിന് വിക്കറ്റ് കീപ്പിംഗ് ചെയ്യാനാവില്ല. ഇതോടെ അഞ്ചാം ടെസ്റ്റിന് ഒരു ബാക്ക് അപ്പ് എന്ന നിലയിൽ മുൻ സിഎസ്കെ താരം നാരായൺ ജഗദീഷിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ പന്തിന്റെ ബാക്കപ്പ് ഓപ്ഷനായി ബിസിസിഐ ആദ്യം പരിഗണിച്ചത് യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെയായിരുന്നു. എന്നാൽ, കിഷൻ തന്റെ കണങ്കാലിന് പരിക്കേറ്റതായി സെലക്ടർമാരെ അറിയിച്ചതോടെ ബിസിസിഐക്ക് പകരക്കാരനെ തേടി മറ്റു വഴികൾ തേടേണ്ടി വന്നു. അങ്ങനെയാണ് മുൻ സിഎസ്‌കെ താരവും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിക്കറ്റ് കീപ്പർ-ബാറ്ററുമായ എൻ. ജഗദീശനെ അഞ്ചാം ടെസ്റ്റിനായുള്ള ടീമിലേക്ക് തിരഞ്ഞെടുക്കാൻ കാരണം.
ഒരുപാട് കാലമായി ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന്പുറത്താണ്. അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് 2023 ലായിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതും ബിസിസിഐ കരാറിൽ നിന്നും പുറത്താക്കിയതു അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. ഇപ്പോൾ ഈ പരിക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കൂടുതൽ വൈകിപ്പിക്കും.
പന്തിന് പകരം ദ്രുവ് ജൂറൽ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലുണ്ടെങ്കിലും ഒരു ബാക്ക് ഓപ്‌ഷൻ എന്ന നിലയിലാണ് ബിസിസിഐ ഇപ്പോൾ ജഗദീശനെ ടീമിൽ ഭാഗമാക്കിയത്.
പരിക്കിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിച്ച് ഇഷാൻ കിഷന് കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ജഗദീശനാകട്ടെ, ഈ അവസരം ഒരു സുവർണ്ണാവസരമാണ്.
