ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐ.എസ്.എൽ) 2025-26 സീസൺ ഒക്ടോബറിൽ ആരംഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 24 സീസൺ ആരംഭിക്കുമെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പുതിയ സീസണിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു. ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഫുട്ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളാണ് ഇതിന് പ്രധാന കാരണം. ഈ തർക്കങ്ങൾ ഇന്ത്യൻ ഫുട്‌ബോളിൻ്റെ വളർച്ചയെ കാര്യമായി ബാധിച്ചിരുന്നു. ഒടുവിൽ, സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലാണ് ഈ വിഷയത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയത്.
എഐഎഫ്എഫ്-ഉം എഫ്എസ്ഡിഎൽ-ഉം തമ്മിലുള്ള തർക്കങ്ങൾ ഒരു പരിഹാരമില്ലാതെ തുടർന്നപ്പോൾ, ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവി കണക്കിലെടുത്ത് സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെട്ടു. കോടതിക്ക് പുറത്ത് ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താൻ ഇരുപാർട്ടികളോടും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ച് തിങ്കളാഴ്ച ബെംഗളൂരുവിൽ ഇരുവിഭാഗവും നിർണായക ചർച്ച നടത്തിയിരുന്നു. ഫുട്‌ബോൾ ലോകം ഏറെ ആകാംഷയോടെയാണ് ഈ കൂടിക്കാഴ്ചയെ കണ്ടത്. ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നെന്നും ശരിയായ ദിശയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു. ഈ കൂടിക്കാഴ്ചയിൽ ഒരു ധാരണയിലെത്താൻ സാധിച്ചെന്നാണ് സൂചന.
ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അന്തിമരൂപം നൽകും. ഇതിനുശേഷം ഈ നിർദ്ദേശങ്ങളും ഉടമ്പടിയും വ്യാഴാഴ്ച സുപ്രീം കോടതിക്ക് മുന്നിൽ അവതരിപ്പിക്കും.
