ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ നേടിയ വിക്കറ്റ് മരണപ്പെട്ട ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയോഗോ ജോട്ടയ്ക്ക് സമർപ്പിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്.
ലോർഡ്‌സിൽ 51 റൺസെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനെ പേസർ പുറത്താക്കുകയും തുടർന്ന് ജോട്ടയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുകയായിരുന്നു സിറാജ്.
വിക്കറ്റ് കിട്ടിയ ഉടനെ സിറാജ് രണ്ട് കൈകളും കൊണ്ട് 20-ാം നമ്പർ ആംഗ്യം കാണിച്ചു, തുടർന്ന് ആകാശത്തേക്ക് വിരൽ ചൂണ്ടുക്കയായിരുന്നു. ലിവർപൂളിനു വേണ്ടി കളിക്കുമ്പോൾ ജോട്ട 20-ാം നമ്പർ ജേഴ്‌സി ധരിച്ചിരുന്നതിനാലാണ് ’20’ എന്ന ആംഗ്യം താരം കാണിച്ചത്.
28 വയസ്സുള്ള ജോട്ടയുടെ മരണം ഫുട്ബോൾ ലോകത്തും അതിനുമപ്പുറത്തും ഞെട്ടലോടെയും ദുഃഖത്തോടെയുമാണ് നോക്കി കണ്ടത്. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയ്ക്ക് സമീപമാണ് വാഹന അപകടം നടന്നത്. അപകടത്തിൽ ജോട്ടയുടെ സഹോദരൻ ആൻഡ്രേ സിൽവയും മരണപ്പെട്ടിരുന്നു.
