ഇന്ത്യയുടെ ടി20 ടീമിൽ ന്ന് വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം, ശ്രേയസ് അയ്യർ വീണ്ടും ദേശീയ കളത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. 2023 ഡിസംബർ 3 ന് ബെംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിൽ ഇന്ത്യയെ അവസാനമായി പ്രതിനിധീകരിച്ച 29 കാരനായ മുംബൈ ബാറ്റ്‌സ്മാൻ, സെപ്റ്റംബറിൽ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, ഏഷ്യാ കപ്പ് ടീമിൽ അയ്യർ ഉൾപ്പെടാനുള്ള സാധ്യതയാണ് വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോൺ ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിക്കാത്തതിന്റെ പ്രധാന കാരണം.
2025 ഐപിഎൽ സീസണിൽ മികച്ച ഫോമിലായിരുന്നു അയ്യർ. പഞ്ചാബ് കിംഗ്‌സിനായി കളിച്ച അദ്ദേഹം 17 മത്സരങ്ങളിൽ നിന്ന് 604 റൺസ് നേടി ടീമിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ആക്രമണാത്മക മധ്യനിര ബാറ്റിംഗും സ്ഥിരതയാർന്ന പ്രകടനവും ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ശക്തമായ കാരണമായിരിക്കുകയാണ്.
ടി20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിലാണ് നടക്കുക. സെപ്റ്റംബർ 10 ന് ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ തുടക്കം. തുടർന്ന് സെപ്റ്റംബർ 14 ന് പാകിസ്ഥാനെതിരെയും സെപ്റ്റംബർ 19 ന് ഒമാനെതിരെയും പോരാട്ടങ്ങൾ നടക്കും.
എന്തിരുന്നാലും ടി20 ഫോർമാറ്റിൽ സമീപ മാസങ്ങളായി സ്ഥിരത നഷ്ടപ്പെട്ട ഇന്ത്യയുടെ മധ്യനിരയ്ക്ക് അയ്യറുടെ തിരിച്ചുവരവ് ഉത്തേജനം നൽകിയേക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.
