‘ഐഎസ്എല്ലിൽ ‘വാർ’ നടപ്പിലാക്കുന്നു’. ആരും വിശ്വസിക്കാൻ സാധ്യതയില്ലാത്ത ഒരു വാർത്തയാണ്. കാരണം നിലവിലെ എഐഎഫ്എഫിന്റെ നീക്കങ്ങളൊന്നും ആരാധകർക്ക് തൃപ്തികരമല്ല. ആ സാഹചര്യത്തിൽ ഈ വാർത്ത വിശ്വസിക്കാതിരുന്നാൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ വാർ നടപ്പിലാക്കുനുള്ള ഒരു ഔദ്യോഗിക ടെണ്ടർ എഐഎഫ്എഫ് സമർപ്പിച്ചു എന്ന് കേൾക്കുമ്പോൾ ഇക്കാര്യം വിശ്വസിക്കാതിരിക്കാനുമാവില്ല.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി, 2025-26 സീസൺ മുതൽ ‘ഫുട്ബോൾ വീഡിയോ സപ്പോർട്ട് സിസ്റ്റം’ (Football Video Support System – FVSS) നടപ്പിലാക്കാൻ എഐഎഫ്എഫ് തീരുമാനിച്ചിരിക്കുകയാണ്. പുതിയ ടെണ്ടറിൽ ഇക്കാര്യം പരാമര്ശിക്കുന്നുമുണ്ട്.
എന്നാൽ വാറും ഫുട്ബോൾ വീഡിയോ സപ്പോർട്ട് സിസ്റ്റവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. വാറിലേക്ക് പ്രവേശിക്കുന്നതിന് ഭാഗമായി നടത്തുന്ന ഒരു സംവിധാനമാണ് ഫുട്ബോൾ വീഡിയോ സപ്പോർട്ട് സിസ്റ്റം. വാർ എന്നാൽ പൂർണമായും സാങ്കേതിക മികവുകളുള്ള ഒരു സംവിധാനമാണ്. എന്നാൽ വീഡിയോ സപ്പോർട്ട് സിസ്റ്റം അങ്ങനെയല്ല.
ഒരു വീഡിയോ കണ്ട് സാങ്കേതിക വിദ്യകളുടെ സഹായമില്ലാതെ റഫറി സ്വീകരിക്കുന്ന തീരുമാനമാണ് വീഡിയോ സപ്പോർട്ട് സിസ്റ്റം. യൂറോപ്യൻ ഫുട്ബോളിൽ നമ്മൾ കാണുന്നത് പോലെ ഓഫ് സൈഡ് പരിശോധിക്കാൻ സാങ്കേതിക വിദ്യയിലൂടെ ഓഫ് സൈഡ് ലൈനുകൾ വരുന്ന പരിപാടിയൊന്നും വീഡിയോ സപ്പോർട് സിസ്റ്റത്തിൽ ഉണ്ടാവില്ല. മറിച്ച് പ്രസ്തുത വീഡിയോ കണ്ട്, റഫറി സ്വയം അത് ഓഫ് ആണോ അല്ലയോ എന്ന കാര്യം തീരുമാനിക്കണം.വാറുമായി താരതമ്യം ചെയ്യുമ്പോൾ വീഡിയോ സപ്പോർട്ട് സിസ്റ്റത്തിന് പരിമിതികൾ ഉണ്ടെങ്കിലും ഒരു പരിധി വരെ ഇന്ത്യൻ റഫറിമാരുടെ മണ്ടത്തരങ്ങൾ ഒഴിവായിക്കിട്ടും.
അഞ്ച് വർഷത്തേക്കാണ് വീഡിയോ സപ്പോർട്ട് സിസ്റ്റം പ്രാഥമികമായി നടപ്പിലാക്കുന്നത്. ഈ കാലയളവിനുശേഷം, ആറാം വർഷം മുതൽ ഈ സംവിധാനം പൂർണ്ണമായ VAR (Video Assistant Referee) സാങ്കേതികവിദ്യയിലേക്ക് അപ്ഗ്രഡ് ചെയ്യാനുള്ള സാധ്യതകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പരിഗണിക്കും. അതായത് വാറിലേക്കുള്ള ഒരു ചവിട്ട് പടിയാണ് എഐഎഫ്എഫിന്റെ പുതിയ ഫുട്ബോൾ വീഡിയോ സപ്പോർട്ട് സിസ്റ്റം.
ALSO READ: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് കളിക്കുക ‘ക്വിക്ക് പ്ലേ’ സ്ട്രാറ്റജിയിൽ
