2025-ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള സാധ്യതകളിൽ പി.എസ്.ജി താരവും ഫ്രഞ്ച് യുവതാരവുമായ ഔസ്മാൻ ഡെംബെലെ ബഹുദൂരം മുന്നിൽ. ഫിഫ ക്ലബ് ലോകകപ്പ് നേടാനായില്ലെങ്കിലും, ഏറ്റവും പുതിയ സാധ്യത പട്ടിക പ്രകാരം ഡെംബെലെ തന്നെയാണ് പുരസ്കാരം നേടാൻ വ്യക്തമായ സാധ്യതയുള്ള താരം. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളാണ് ഈ റാങ്കിംഗ് നേട്ടത്തിന് പിന്നിൽ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിക്കും സ്ഥിരതയില്ലായ്മയും കാരണം കരിയറിൽ പിന്നോട്ട് പോയ ഡെംബെലെ, 2024-25 സീസണിൽ ഉജ്ജ്വലമായ പ്രകടനമാണ് പുറത്തെടുത്തത്. പി.എസ്.ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച ഡെംബെലെ, ഈ വർഷം ഇതുവരെ എല്ലാ മത്സരങ്ങളിൽ നിന്നുമായി 34 ഗോളുകളും 15 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗോളടി മികവും, പ്രധാന മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളുമാണ് ബാലൻ ഡി ഓർ സാധ്യത പട്ടികയിൽ ഒന്നാമതെത്താൻ സഹായിച്ചത്.
ഫിഫ ക്ലബ് ലോകകപ്പിൽ പി.എസ്.ജിക്ക് ചെൽസിയോട് ഫൈനലിൽ 3-0 ന് തോൽവി വഴങ്ങേണ്ടി വന്നെങ്കിലും, ഡെംബെലെ ടൂർണമെന്റിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ പ്രകടനം അദ്ദേഹത്തിന്റെ റാങ്കിംഗ് നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഡെംബെലെയുടെ സ്ഥിരതയാർന്ന പ്രകടനവും, നിർണായക മത്സരങ്ങളിൽ ടീമിന് വേണ്ടി തിളങ്ങാനുള്ള കഴിവും അദ്ദേഹത്തെ ബാലൻ ഡി ഓർ നേടാൻ ഏറ്റവും സാധ്യതയുള്ള താരമാക്കി മാറ്റുന്നു. 77.8% സാധ്യതയാണ് അദ്ദേഹത്തിന് വാതുവെപ്പ് കമ്പനികൾ കൽപ്പിക്കുന്നത്.
ബാലൻ ഡി ഓർ പുരസ്കാരം നേടാനായാൽ അത് ഡെംബെലെയുടെ കരിയറിലെ ഏറ്റവും വലിയ വ്യക്തിഗത നേട്ടമായിരിക്കും. ഒക്ടോബർ 27-ന് നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഫുട്ബോൾ ലോകം ഡെംബെലെയുടെ പേര് കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്.
