ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ മനോലോ മാർക്കേസിന് പകരക്കാരനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF). ജൂലൈ 2-ന് മാർക്കേസിന്റെ രാജി അംഗീകരിച്ച ശേഷം ജൂലൈ 4-നാണ് എഐഎഫ്എഫ് അപേക്ഷ ക്ഷണിച്ചത്. ഇത്തവണ 170 അപേക്ഷകളാണ് എഐഎഫ്എഫിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഇഗോർ സ്റ്റിമാച്ചിന് പകരക്കാരനെ തേടിയപ്പോൾ ലഭിച്ചത് 291 അപേക്ഷകളായിരുന്നു. എന്നാൽ ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
ആദ്യ മൂന്ന് ദിവസങ്ങളിൽ ഒരുപാട് അപേക്ഷകൾ ലഭിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം അപേക്ഷകൾ കുറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ലോകകപ്പ് പരിശീലകരും നിലവിലെ ദേശീയ ടീം പരിശീലകരുമടക്കം ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത്തവണ അത്രയും ഉയർന്ന പ്രൊഫൈലുള്ള കുറവായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അപേക്ഷകരുടെ പൂർണ്ണമായ ലിസ്റ്റ് എഐഎഫ്എഫ് പുറത്തുവിട്ടിട്ടില്ലെങ്കിലും, ചില പ്രമുഖ പേരുകൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ ലിസ്റ്റ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ലിവർപൂൾ ഇതിഹാസങ്ങളായ റോബി ഫൗളർ, ഹാരി കെവൽ, ബ്രസീൽ അണ്ടർ-17 മുൻ പരിശീലകൻ കയോ സനാർഡി, ബാഴ്സലോണ റിസർവ്സ് മുൻ മാനേജർ ജോർഡി വിന്യാൽസ് എന്നിവർ ഈ പട്ടികയിലുണ്ട്. താജിക്കിസ്ഥാൻ, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളെ പരിശീലിപ്പിച്ച ക്രൊയേഷ്യൻ പരിശീലകൻ പീറ്റർ സെഗ്ര്റ്റ്, 2018 ലോകകപ്പിൽ ഓസ്ട്രേലിയൻ പരിശീലക സംഘത്തിലുണ്ടായിരുന്ന റോയൽ കൂമാൻസ്, മൗറിറ്റാനിയ പരിശീലകൻ അരിറ്റ്സ് ലോപ്പസ് ഗറായി എന്നിവരും അപേക്ഷകരാണ്.
ഇന്ത്യൻ ഫുട്ബോളിന് പരിചിതമായ മുഖങ്ങളിൽ മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, അന്റോണിയോ ലോപ്പസ് ഹബാസ്, സെർജിയോ ലോബേര, മുൻ പഞ്ചാബ് എഫ്സി പരിശീലകൻ സ്റ്റക്കോസ് വെർജെറ്റിസ്, മുൻ മുഹമ്മദൻ സ്പോർട്ടിംഗ് പരിശീലകൻ ആൻഡ്രേ ചെർണിഷോവ് എന്നിവരുമുണ്ട്. ഇന്ത്യൻ പരിശീലകരിൽ ഖാലിദ് ജമീൽ, സഞ്ജോയ് സെൻ, സന്തോഷ് കശ്യപ് എന്നിവരും അപേക്ഷ നൽകിയിട്ടുണ്ട്.
ഈ അപേക്ഷകൾ എഐഎഫ്എഫ് പരിശോധിക്കുകയും ഒരു ലോംഗ് ലിസ്റ്റ് തയ്യാറാക്കുകയും ഒരു പേര് തിരഞ്ഞെടുക്കുകയും ചെയ്യും. 2027-ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ടീമിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുക എന്നതാണ് പുതിയ പരിശീലകന്റെ പ്രധാന ദൗത്യം.
