ക്രിക്കറ്റ് ലോകത്തെ വികസിപ്പിക്കാനുള്ള വലിയ ശ്രമങ്ങളാണ് നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ ( ഐസിസി) ഒരുങ്ങുന്നത്. നിലവിൽ 12 ഫുൾ മെമ്പേഴ്സാണ് ഐസിസിയിലുള്ളത്. എന്നാൽ 12 ൽ നിന്നും ഇത്തവണ ഐസിസിയുടെ ഫുൾ മെമ്പേഴ്സിന്റെ എണ്ണം ഉയരാനുള്ള സാധ്യതയുണ്ട്. ശക്തമായ ആഭ്യന്തര ലീഗുകളും, മികച്ച അന്താരാഷ്ട്ര പ്രകടനങ്ങളും കാഴ്ചവെക്കുന്ന ചില ടീമുകൾക്ക് ഈ വർഷം നടക്കുന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഫുൾ മെമ്പർ അംഗീകാരം ലഭിച്ചേക്കാൻ സാധ്യതകളുണ്ട്. പ്രധാനമായും 3 രാജ്യങ്ങൾക്കാണ് ഇത്തവണ ഫുൾ മെമ്പർ അംഗീകാരം ലഭിക്കാനുള്ള സാധ്യതയുള്ളത്. ഏതൊക്കെയാണ് ആ ടീമുകൾ എന്ന് നമ്മുക്ക് പരിശോധിക്കാം…
ഫുൾ മെമ്പർഷിപ്പ് നേടാൻ ഒരു രാജ്യം സാമ്പത്തിക ഭദ്രത, മികച്ച ഭരണസംവിധാനം, കുറഞ്ഞത് രണ്ട് അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ, യുവജന പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിബന്ധനകൾ പൂർത്തിയാക്കുന്ന ടീമുകൾക്കേ ടെസ്റ്റ് പദവി അല്ലെങ്കിൽ ഫുൾ മെമ്പർ പദവി ലഭിക്കുകയുള്ളൂ.
നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് പുതിയ ഫുൾ മെമ്പർഷിപ്പിന് നിലവിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത്. ഏകദിന, ടി20 ഫോർമാറ്റുകളിൽ ഈ ടീമുകൾ ഫുൾ മെമ്പർ ടീമുകൾക്കെതിരെ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, നേപ്പാളിന് ക്രിക്കറ്റിന് വലിയ ജനപിന്തുണയുണ്ട്. ഫുൾ മെമ്പർഷിപ്പിന് പ്രധാന മാനദണ്ഡമായ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് ഘടന അവർ വികസിപ്പിച്ചിരിക്കുകയാണ്. ഇത് ഫുൾ മെമ്പർഷിപ്പിലേക്കുള്ള അവരുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
ഇവരെ കൂടാതെ, അമേരിക്കയും ലിസ്റ്റിൽ ഉണ്ടെങ്കിലും ചില തടസ്സങ്ങളുണ്ട്. അമേരിക്കയിൽ ക്രിക്കറ്റ് വളർത്തുന്നതിൽ ഐസിസിയ്ക്ക് വലിയ താൽപ്പര്യമുണ്ട്. കാരണം ഐസിസിയ്ക്ക് സാമ്പത്തികമായി വലിയ സാധ്യതകളുള്ള രാജ്യമാണിത്. എന്നാൽ ഭരണപരമായ കാര്യങ്ങളിലെ പ്രശ്നങ്ങൾ കാരണം അമേരിക്കൻ ക്രിക്കറ്റിന് ഐസിസിയുടെ താക്കീത് ലഭിച്ചതും അടുത്തിടെ നടന്ന ഭരണസമിതിയിലെ പ്രശ്നങ്ങളും അമേരിക്കയുടെ ഫുൾ മെമ്പർ എന്ന സാധ്യത വിദൂരത്താക്കുന്നു.
നിലവിലെ സാഹച്ചര്യത്തിൽ നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, നേപ്പാൾ എന്നീ രാജ്യങ്ങളിലെ ഒരാൾക്കോ അല്ലെങ്കിൽ രണ്ട് പേർക്കോ ഇത്തവണ ഫുൾ മെമ്പർ പദവി ലഭിക്കാനുള്ള സാധ്യതകളുണ്ട്.
