ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന് തുടരെത്തുടരെ പരിക്കുകൾ തിരിച്ചടിയാകുമ്പോൾ, വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിന് പരിക്കേറ്റതിന് പിന്നാലെ ബാക്കപ്പായി പുതിയ താരം ടീമിൽ. തമിഴ്നാടിന്റെ വിക്കറ്റ് കീപ്പർ-ബാറ്റർ എൻ. ജഗദീശനെ ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിലേക്ക് വിളിച്ചതായി റിപ്പോർട്ട്. നാലാം ടെസ്റ്റിൽ പന്തിന് കാൽവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ഈ നീക്കം.
റിഷഭ് പന്തിന് കാൽവിരലിന് പൊട്ടലുണ്ടായതിനാൽ ആറാഴ്ച വിശ്രമം ആവശ്യമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും പരിക്ക് വക വെക്കാതെ താരം ഇന്ന് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നു.വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറൽ ടീമിലുണ്ടെങ്കിലും, ഒരു ബാക്കപ്പ് ഓപ്ഷൻ എന്ന നിലയിലാണ് ജഗദീശനെ ടീമിൽ ഉൾപ്പെടുത്തിയത്.
മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) താരമായിരുന്ന എൻ. ജഗദീശൻ ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും ഒരുപോലെ മികവ് പുലർത്താൻ കഴിവുള്ള താരമാണ് അദ്ദേഹം. ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോർഡ് പ്രകടനങ്ങൾ കാഴ്ചവെച്ച് ജഗദീശൻ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
പരിക്കുകൾ ഇന്ത്യൻ ടീമിനെ വട്ടം കറക്കുന്ന ഈ സാഹചര്യത്തിൽ ജഗദീശന്റെ വരവ് ടീമിന് ആശ്വാസം നൽകും. ടെസ്റ്റ് സ്ക്വാഡിൽ ഇടം നേടിയതോടെ ജഗദീശന് ഇന്ത്യൻ ടീമിനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കള അന്തരീക്ഷത്തിൽ പരിശീലിക്കാനും അവസരം ലഭിക്കും.
