ഏഷ്യാ കപ്പ് 2025-നുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. മോശം ഫോമിലായിരുന്നിട്ടും യുവതാരം റിങ്കു സിങ് ടീമിൽ ഇടം നേടിയതാണ് പ്രധാന ചർച്ചാവിഷയം. റിങ്കുവിന് പകരം മികച്ച ഫോമിലുള്ള ശശാങ്ക് സിങ്ങിനെയോ ശ്രേയസ് അയ്യരെയോ ഉൾപ്പെടുത്താമായിരുന്നെന്ന് ക്രിക്കറ്റ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
സമീപ കാലത്തായി മോശം പ്രകടനമാണ് റിങ്കു സിങ് കാഴ്ചവെച്ചത്. ബാറ്റുകൊണ്ട് കാര്യമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. അതേസമയം, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് ശ്രേയസ് അയ്യർ കാഴ്ചവെച്ചത്. ഒഎന്നിട്ടും ശ്രേയസിന് അവസരം നിഷേധിച്ചത് ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
റിങ്കു സിങ്ങിന്റെ ടീം പ്രവേശനം ഗൗതം ഗംഭീറിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെനറ്റർ ആയിരുന്ന ഗംഭീർ, റിങ്കുവിനെ അടുത്തറിയാവുന്ന വ്യക്തിയാണ്. റിങ്കുവിന്റെ കഴിവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ടീം തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വിവാദങ്ങൾക്കിടയിലും ടീം മാനേജ്മെൻ്റ് തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. റിങ്കുവിനെപ്പോലെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകുന്നതിലൂടെ ഭാവിയിലേക്ക് ഒരു ടീമിനെ വാർത്തെടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നാണ് സൂചന. എന്നാൽ ഈ തീരുമാനം ശരിയായിരുന്നോ എന്ന് അറിയാൻ ഏഷ്യാ കപ്പിലെ റിങ്കുവിന്റെ പ്രകടനം നിർണായകമാകും.
സെപറ്റംബർ പത്തിന് യുഎഇക്കെതിരെയാണ് ഏഷ്യകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
