വൻ രാഷ്ട്രീയ സാഹചര്യങ്ങളിക്കിടയിലാണ് ഏഷ്യകപ്പിൽ ഇന്ത്യ- പാക് മത്സരം നടന്നത്. മത്സരത്തിൽ ഇന്ത്യ ആധികാരിക വിജയം നേടിയെങ്കിലും പാക് താരങ്ങൾക്ക് കൈ കൊടുക്കാതെയും പഹൽഘാം ഇരകളുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഇന്ത്യ പാകിസ്താനോട് സന്ധിയില്ലെന്ന് വ്യക്തമാക്കിയത്. ഇപ്പോഴിതാ സമാനമായ മറ്റൊരു നീക്കം കൂടി നടത്തിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.
ഇന്ത്യ ഏഷ്യാകപ്പ് വിജയിക്കുകയാണെങ്കിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എസിസിയെ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും പാക്കിസ്ഥാൻ സർക്കാരിലെ മന്ത്രിയുമാണ് മൊഹ്‍സിൻ നഖ്‍വി. ഈ സാഹചര്യത്തിലാണ് സൂര്യകുമാർ യാദവ് എതിർപ്പു പ്രകടിപ്പിച്ചതെന്നാണു വിവരം.
ടൂർണമെന്റിലെ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ സൂപ്പർ ഫോറിൽ കടന്നിരുന്നു. ഏഷ്യാകപ്പിൽ സൂപ്പർ ഫോർ ഉറപ്പിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. നിലവിലെ ഫോം വച്ച് ഇന്ത്യ ചാംപ്യൻമാരാകാനും സാധ്യതയുണ്ട്.
അതേ സമയം, സൂര്യകുമാർ യാദവിന്റെ ആവശ്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇതുവരെ പരിഗണിച്ചിട്ടില്ല.
