അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച ആധിപത്യം പുലർത്തുകയാണ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ വെറും 162 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ, മറുപടി ബാറ്റിംഗിൽ ശക്തമായ നിലയിൽ എത്തി. എന്നാൽ, ടീമിന്റെ ആധിപത്യത്തിനിടയിലും, മൂന്നാം നമ്പറിൽ കളിച്ച യുവതാരം സായി സുദർശന്റെ തുടർച്ചയായ പരാജയം ആരാധകർക്കിടയിൽ ആശങ്ക ഉയർത്തുകയാണ്.
ഓപ്പണർ യശസ്വി ജയ്സ്വാൾ (36) പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സുദർശന് 19 പന്തിൽ നിന്ന് ഏഴ് റൺസ് എടുക്കാനേ സാധിച്ചുള്ളൂ. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചേസിൻ്റെ പന്തിൽ എൽ.ബി.ഡബ്ല്യു. ആയാണ് താരം പുറത്തായത്. ഇംഗ്ലീഷ് പരമ്പരയിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ച സായ് ടെസ്റ്റ് ക്രിക്കറ്റിലെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് വെറും ഒരു അർദ്ധസെഞ്ച്വറി മാത്രമാണ് നേടാനായത്.
സായി സുദർശന്റെ തുടർച്ചയായ മോശം പ്രകടനം മൂന്നാം നമ്പറിലെ താരത്തിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യുകയാണ്. തമിഴ്നാടിനും ഗുജറാത്ത് ടൈറ്റൻസിനും വേണ്ടി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സുദർശന് ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചത്. എന്നാൽ ആ അവസരം താരത്തിന് ഇത് വരെ ഉപയോഗിക്കാനായില്ല.
അതേ സമയം വിൻഡീസ് പരമ്പരയിൽ അർദ്ധ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇടം പിടിച്ചിട്ടുണ്ട്. സായി സുദർശന് രണ്ടാം മത്സരത്തിലും മികച്ച പ്രകടനം കണ്ടെത്താനായില്ല എങ്കിൽ രണ്ടാം ടെസ്റ്റിൽ പടിക്കലിന് നറുക്ക് വീണേക്കും.
മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച ദേവ്ദത്ത് ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
content: Sai Sudarshan may be dropped from the starting XI if he does not perform well in the first India-West Indies Test.
