ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ അടുത്തിടെ നിയമിതനായെങ്കിലും, അത് ദീർഘകാലത്തേക്കുള്ള നീക്കമല്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമുള്ള ഒരു താൽക്കാലിക ക്രമീകരണം മാത്രമാണ് ഇതെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ ‘റെവ് സ്പോർട്സ്’ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ALSO READ:
സൂര്യകുമാറിന്റെ പുറത്താകലും ശ്രേയസിന്റെ വരവും

അടുത്തിടെയാണ് ടി20 ലോകകപ്പ് കിരീടം ചൂടിയ നായകൻ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല, ടീമിൽ നിന്ന് തന്നെ പുറത്താക്കുകയും ചെയ്തത്. അതിനുശേഷമാണ് ശ്രേയസ് അയ്യരെ ബിസിസിഐ ഈ നിർണായക ചുമതല ഏൽപ്പിക്കുന്നത്.
അയർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെയുള്ള പരമ്പരകളിലും തുടർന്ന് നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും ശ്രേയസിനെ ക്യാപ്റ്റനാക്കി ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2028-ലെ അടുത്ത ടി20 ലോകകപ്പിലും ലോസ് ആഞ്ചലസ് ഒളിംപിക്സിലും ശ്രേയസിന് കീഴിലായിരിക്കും ഇന്ത്യ കളിക്കുകയെന്ന് ആരാധകർ കരുതിയെങ്കിലും യഥാർത്ഥ ചിത്രം മറ്റൊന്നാണ്.
ഏഷ്യൻ ഗെയിംസ് വരെ മാത്രം ആയുസ്സ്
ശ്രേയസ് അയ്യരെ ഒരു ദീർഘകാല ക്യാപ്റ്റനായി ബിസിസിഐ കാണുന്നേയില്ല എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
വരാനിരിക്കുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ അവസാനിക്കുന്നത് വരെ മാത്രമേ അദ്ദേഹം ഈ റോളിൽ തുടരുകയുള്ളൂവെന്നാണ് സൂചന.
നിലവിൽ ടെസ്റ്റ്, ഏകദിന ടീമുകളെ മികച്ച രീതിയിൽ നയിക്കുന്ന ശുഭ്മൻ ഗില്ലിനെ തന്നെ ടി20 ടീമിന്റെയും നായകനായി ഉയർത്തിക്കൊണ്ടുവരാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.
നിലവിൽ ടി20 ടീമിൽ ഇല്ലെങ്കിലും ഗിൽ ക്യാപ്റ്റനായി തന്നെ വൈകാതെ ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് വ്യക്തമാകുന്നത്.
ചർച്ചകളിൽ സഞ്ജു സാംസണിന്റെ പേരും
സൂര്യകുമാർ യാദവിന് പകരം പുതിയ ക്യാപ്റ്റനെ തീരുമാനിക്കുന്ന ഘട്ടത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ പേരും സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നുവെന്ന് റെവ് സ്പോർട്സിന്റെ റിപ്പോർട്ടിൽ അവകാശപ്പെടുന്നുണ്ട്.
സൂര്യക്ക് പകരക്കാരനായി ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ പേരുകളാണ് പ്രധാനമായും സെലക്ടർമാരുടെ മുന്നിലുണ്ടായിരുന്നത്.
എന്നാൽ ടീം മാനേജ്‌മെന്റിലെ ഒരു പ്രമുഖൻ സഞ്ജുവിന് ക്യാപ്റ്റനാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പേര് നിർദേശിക്കുകയായിരുന്നു.
എന്നാൽ ഒടുവിൽ സെലക്ടർമാർ താൽക്കാലികമായി ഏഷ്യൻ ഗെയിംസ് വരെ ഉത്തരവാദിത്വം ശ്രേയസിനെ ഏൽപ്പിക്കാൻ തീരുമാനിക്കുകയാണുണ്ടായത്.
ഗില്ലിനെ കാത്തിരിക്കുന്നത് വലിയ ലക്ഷ്യങ്ങൾ
ഏഷ്യൻ ഗെയിംസിന് ശേഷവും ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ക്യാപ്റ്റനായി തുടരുമോയെന്ന കാര്യം വലിയ സംശയത്തിലാണ്. എത്രയും വേഗം ശുഭ്മൻ ഗില്ലിനെ ട്വന്റി-20 സെറ്റപ്പിലേക്ക് മടുക്കിക്കൊണ്ടുവരാൻ ബിസിസിഐ ആഗ്രഹിക്കുന്നുണ്ട്.
അടുത്ത ടി20 സൈക്കിളിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവടങ്ങളിലായി നടക്കുന്ന ഐസിസി ടി20 ലോകകപ്പും ലോസ് ആഞ്ചലസ് ഒളിംപിക്സും ഇന്ത്യക്ക് മുന്നിലുള്ള വലിയ ലക്ഷ്യങ്ങളാണ്.
രണ്ട് വർഷമെന്നത് വലിയൊരു സമയമായതിനാൽ ഗില്ലിന്റെ കാര്യത്തിൽ സെലക്ടർമാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കാര്യങ്ങൾ മാറിമറിഞ്ഞേക്കാം.
English Summary: Recent sports reports question is Shreyas Iyer a temporary T20 captain for India, suggesting his appointment is only until the Asian Games. The BCCI reportedly aims to bring back Shubman Gill as the long term skipper for the 2028 Olympics, while Sanju Samson’s name was also discussed.
