അർജന്റീനൻ ടീം കേരളത്തിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചില റൂമറുകൾ പ്രചരിക്കുകയാണ്. കേരളത്തിലെ അർജന്റീനയുടെ സൗഹൃദമത്സരം മാറ്റിയെന്നും പകരം ആഫ്രിക്കയിൽ അർജന്റീനൻ ടീം ഒരു സൗഹൃദമത്സരം കളിക്കുമെന്നുമാണ് പുതിയ വാർത്തകൾ. അർജന്റീനൻ മാധ്യമമായ ടിവൈസി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ഈ വാർത്തകളിൽ വല്ല സത്യവുമുണ്ടോ? എന്താണ് വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ? പരിശോധിക്കാം..
അർജന്റീനൻ ദേശീയ ടീമുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വാസയോഗ്യമായ വാർത്തകൾ പങ്ക് വെയ്ക്കുന്ന മാധ്യമപ്രവർത്തകനാണ് ഗസ്റ്റോൺ എഡ്യുൽ. അർജന്റീനയുമായി ബന്ധപ്പെട്ട വിശ്വാസയോഗ്യമായ വാർത്തകൾക്കായി പല അന്താരാഷ്ട്ര മാധ്യമങ്ങളും ആശ്രയിക്കുന്ന വ്യക്തിയാണ് ഗസ്റ്റോൺ. അർജന്റീനൻ ഫുട്ബോൾ ഫെഡറേഷനുമായി നേരിട്ട് ബന്ധമുള്ളതിനാൽ ഗസ്റ്റോണിന്റെ വാർത്തകൾക്ക് വലിയ സ്വീകാര്യതയുണ്ട്. അർജന്റീനയുടെ കേരളാ വിഷയത്തിൽ അദ്ദേഹം പുറത്ത് വിട്ട റിപ്പോർട്ട് എന്താണെന്ന് പരിശോധിക്കാം..
നവംബറിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ( കൊച്ചിയിൽ) അർജന്റീനയുടെ സൗഹൃദമത്സരം റദ്ദ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഗസ്റ്റോൺ എഡ്യുലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർജന്റീന ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്. ഇതിന് ശേഷമായിരുന്നു കൊച്ചിയിലെ പിമത്സരം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ അർജന്റീന ആഫ്രിക്കയിൽ ഒരു സൗഹൃദമത്സരം കൂടി കളിയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും അത് മൊറോക്കോയ്ക്കെതിരെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നടക്കുന്ന മത്സരമായിരിക്കുമെന്നുമാണ് എഡ്യുൽ റിപ്പോർട്ട് ചെയ്യുന്നത്. ആഫ്രിക്കയിൽ മറ്റൊരു മത്സരം കൂടി കളിക്കേണ്ടതിനാൽ കൊച്ചിയിലെ മത്സരം റദ്ദ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് എഡ്യുലിന്റെ റിപ്പോർട്ട്.
നിലവിൽ മത്സരം റദ്ദ് ചെയ്യാനുള്ള സാധ്യത മാത്രമാണ് അദ്ദേഹം പങ്ക് വെച്ചത്. ഔദ്യോഗികമായി മത്സരം ഇത് വരെ റദ്ദ് ചെയ്തിട്ടില്ല.
വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
