ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) നടത്തിപ്പിനായി എഐഎഫ്എഫ്(AIFF) ടെണ്ടറുകൾക്ക് പ്രതികരണം ലഭിക്കാത്തതാണ് ആരാധകരെ നിരാശയിലാക്കുന്നത്. ഇതോടെ ഐഎസ്എൽ സീസൺ ഇനി നടക്കുമോ എന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്. AIFF (ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ) ടെൻഡർ പ്രക്രിയയിൽ നാല് കമ്പനികൾ പങ്കെടുത്തെങ്കിലും ഒരാൾ പോലും ഫൈനൽ ബിഡ് സമർപ്പിക്കാതിരുന്നത് ലീഗിൻ്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. ₹37.5 കോടി എന്ന വാർഷിക ഫീസ് അല്ല പ്രശ്നം, പകരം മറ്റ് സാമ്പത്തിക ബാധ്യതകളാണ് ഈ പ്രതിസന്ധിക്ക് കാരണം. അവ എന്തൊക്കെയാന്നെന്ന് പരിശോധിക്കാം..
₹200–300 കോടി നഷ്ടം: സാമ്പത്തിക ഭാരം
ഐഎസ്എൽ നടത്തിപ്പിനായി AIFF / KPMG ചേർന്ന് തയ്യാറാക്കിയ ഓവറോൾ ബിസിനസ് മോഡൽ തീർത്തും പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെൻഡർ ഏറ്റെടുക്കുന്ന കമ്പനികൾക്ക് പ്രതിവർഷം ₹200 മുതൽ ₹300 കോടി വരെ നഷ്ടം നേരിടേണ്ടിവരുമെന്ന് ഈ മോഡലിൽ വ്യക്തമായതോടെയാണ് ആരും ബിഡ് സമർപ്പിക്കാത്തത്.ഒരു കായിക ലീഗ് എന്നതിലുപരി, അതൊരു ബിസിനസ് സംരംഭം കൂടിയാണ്. അവിടെ ഇത്രയും വലിയ നഷ്ടം ഉറപ്പാണെങ്കിൽ, നിക്ഷേപകർക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.
പ്രമുഖ ഫിൻടെക് കമ്പനിയായ സെറോദയുടെ സ്ഥാപകൻ നിഖിൽ കാമത്ത് നേതൃത്വം നൽകിയ ഒരു ഗ്രൂപ്പും ഐ.എസ്.എൽ ടെൻഡറിൽ താൽപര്യം പ്രകടിപ്പിച്ചവരിൽ ഉണ്ടായിരുന്നു. എന്നാൽ, ബിസിനസ് മോഡലിലെ അപ്രായോഗികതയും വലിയ സാമ്പത്തിക നഷ്ടവും തിരിച്ചറിഞ്ഞതോടെ അവരും അന്തിമ ബിഡ് സമർപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തികമായി കരുത്തരായ നിക്ഷേപകർ പോലും പിന്മാറിയത്, നിലവിലെ ഐ.എസ്.എൽ. മോഡലിൻ്റെ ഗുരുതരമായ പാളിച്ചയെയാണ് സൂചിപ്പിക്കുന്നത്.
എഐഎഫ്എഫിന്റെ അടുത്ത പ്ലാൻ

അന്തിമ ബിഡ്ഡുകൾ ലഭിക്കാത്ത ഈ സാഹചര്യത്തിൽ AIFF വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അതിനാൽ നിലവിലെ സാമ്പത്തിക മോഡൽ പൊളിച്ചെഴുതാൻ AIFF തയ്യാറായേക്കും. ₹200–300 കോടി എന്ന നഷ്ടസാധ്യത ഒഴിവാക്കാനോ, കുറയ്ക്കാനോ കഴിയുന്ന തരത്തിൽ ലീഗിൻ്റെ നടത്തിപ്പ്, വരുമാന വിഹിതം, ടീമുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. AIFF ഇതിന് തയാറാവാൻ സാധ്യതയുണ്ട്.ഈ പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ, ഇന്ത്യൻ ഫുട്‌ബോളിൻ്റെ ഏറ്റവും വലിയ ടൂർണമെൻ്റായ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അടുത്ത സീസൺ നടക്കുന്നത് അനിശ്ചിതത്വത്തിൽ ആവുകയോ, താളം തെറ്റുകയോ ചെയ്യും.
ഐഎസ്എൽ സീസൺ നടന്നില്ല എങ്കിൽ ക്ലബ്ബുകളുടെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദം എഐഎഫ്എഫ് നേരിടേണ്ടി വരും. കൂടാതെ ഇന്ത്യൻ ഫുട്ബോൾ പൂർണതകർച്ചയിലേക്ക് കൂപ്പ്കുത്താനും സാധ്യതയുണ്ട്. അതിനാൽ ഒരു പരിഹാരം കാണേണ്ടത് എഐഎഫ്എഫിന് നിര്ബന്ധമാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് എഐഎഫ്എഫ് ഒരു യോഗം കൂടുന്നുണ്ട്. ആ യോഗത്തിൽ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും. ഒന്നല്ലെങ്കിൽ എഐഎഫ്എഫിന്റെ ബിസിനസ് മോഡൽ പൊളിച്ചെഴുതി വീണ്ടും ടെണ്ടർ അപേക്ഷിക്കാൻ ഒരു അവസരം കൂടി നൽകിയേക്കും. അല്ലെങ്കിൽ ലീഗ് എഐഎഫ്എഫിന് ഒറ്റയ്ക്ക് നടത്തേണ്ടി വരും. എന്തായാലും എഐഎഫ്എഫ് ഒറ്റയ്ക്ക് ഐഎസ്എൽ നടത്താൻ തുനിയില്ല. കാരണം അതിനുള്ള സാമ്പത്തിക ശേഷി എഐഎഫ്എഫിനില്ല. അതിനാൽ ബിസിനസ് മോഡലിൽ പരിഷ്കരണം നടത്തി വീണ്ടും ടെണ്ടർ വിളിക്കാനാണ് സാധ്യത. എന്തായാലും ഇന്ത്യൻ ഫുട്ബാളിൽ നിർണായകമായ ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്.
ALSO READ: നിർണായക തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്…
