FootballIndian Super LeagueSports

16 ടീമുകൾ; ഐഎസ്എല്ലിന് പകരം പ്രീമിയർ ലീഗ് മോഡലിൽ പുതിയ ലീഗ് ആരംഭിക്കാൻ AIFF…?

ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസൺ അനിശ്ചിതത്വത്തിലായതോടെ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ, സീസൺ നടന്നില്ലെങ്കിൽ ഒരു പുതിയ ലീഗ് നടത്താനോ അല്ലെങ്കിൽ ISL-നെ നിലനിർത്താനോ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നിർബന്ധിതരാകും. നിലവിൽ ഫിഫയുടെയും എഎഫ്‌സിയുടെയും കീഴിൽ ഇന്ത്യയിലെ പ്രഥമ ലീഗാണ് ഐഎസ്എൽ. സീസൺ മുടങ്ങുകയോ, ഒരു ലീഗ് ഇല്ലാതാവുകയോ ചെയ്യുകയാണെങ്കിൽ നിരവധി ഇന്ത്യൻ ക്ലബ്ബുകൾക്ക് അടച്ചുപൂട്ടേണ്ടി വരും, ഇതിന്റെ ഉത്തരവാദിത്തം കൂടി AIFF-ന് ഏറ്റെടുക്കേണ്ടിവരും.

ഇന്ത്യൻ ഫുട്ബോളിൽ കോർപ്പറേറ്റ് മേധാവിത്വം ഇല്ലാതാക്കി, ഫുട്ബോളിന്റെ പൂർണ്ണ നിയന്ത്രണം AIFF-ന്റെ കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡുമായി (FSDL) AIFF-ന് അഭിപ്രായഭിന്നതകളുണ്ടായത്. അതിനാൽ, മറ്റൊരു കോർപ്പറേറ്റ് കമ്പനിയുമായി ചേർന്ന് ഒരു പുതിയ ലീഗ് ആരംഭിക്കാൻ AIFF തയ്യാറായേക്കില്ല. പകരം, സ്വന്തം നിലയ്ക്ക് ഒരു ലീഗ് നടത്താനാണ് അവർ ശ്രമിക്കുക.

ISL-ൽ 16 ടീമുകളെ ഉൾപ്പെടുത്തി, പ്രൊമോഷനും റെലിഗേഷനും നടപ്പിലാക്കി, പ്ലേഓഫുകൾ ഒഴിവാക്കി ഒരു പ്രീമിയർ ലീഗ് മാതൃകയിൽ റീബ്രാൻഡ് ചെയ്യാൻ AIFF ആഗ്രഹിച്ചിരുന്നു. എന്നാൽ സാമ്പത്തിക നഷ്ടം മറികടക്കാൻ ഉയർന്ന എൻട്രി ഫീ വാങ്ങിച്ച് ദീർഘകാലത്തേക്ക് ടീമുകളെ തരംതാഴ്ത്തലിൽ നിന്ന് ഒഴിവാക്കി ലീഗ് നടത്താനാണ് FSDL ആഗ്രഹിച്ചത്. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. FSDL പിന്മാറുന്നതോടെ, AIFF തങ്ങളുടെ മാതൃകയിൽ ഒരു ലീഗ് തുടങ്ങാനോ ISL-നെ റീബ്രാൻഡ് ചെയ്യാനോ സാധ്യതയുണ്ട്.

16 ടീമുകളെ ഉൾപ്പെടുത്തി പ്രീമിയർ ലീഗ് മാതൃകയിൽ ഒരു പുതിയ ലീഗോ,ഇല്ലങ്കിൽ ഈ മാറ്റങ്ങളോടെ ഐഎസ്എൽ റീ-ബ്രാൻഡ് ചെയ്യാനോ സാദ്ധ്യതകൾ ഏറെയുണ്ട്.

ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും.AIFF-ന്റെ ഈ നീക്കങ്ങൾ ഇന്ത്യൻ ഫുട്ബോളിന് പുതിയൊരു ദിശാബോധം നൽകുമോ അതോ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന് കണ്ടറിയണം.