ഏഷ്യാ കപ്പിനുള്ള പദ്ധതികളിൽ മാറ്റം വരുത്തി ബിസിസിഐ. സ്‌ക്വാഡിലെ സ്റ്റാൻഡ് ബൈ താരങ്ങളെ ഏഷ്യ കപ്പ് നടക്കുന്ന യുഎഇയിലേക്ക് അയക്കേണ്ടതില്ല എന്ന നിലപാടിലാണ് ബിസിസിഐ. സാധാരണ ഗതിയിൽ സ്റ്റാൻഡ് ബൈ താരങ്ങളെ സ്‌ക്വാഡിനോടപ്പം കൊണ്ട് പോകാറുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിൽ സ്റ്റാൻഡ് ബൈ താരങ്ങളെ ബിസിസിഐ ടീമിനോടപ്പം കൊണ്ട് പോയിരുന്നു. എന്നാൽ ഇത്തവണ അത് വേണ്ടെന്നാണ് ബിസിസിഐ നിലപാട്.
യശസ്വി ജയ്സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ എന്നിവരാണ് ഏഷ്യാകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരങ്ങളായുള്ളത്. ഇവരെ പ്രധാന ടീമിനൊപ്പം യുഎഇയിലേക്കു കൊണ്ടുപോകില്ല. പകരം ഏഷ്യാ കപ്പ് ടീമിലെ ആർക്കെങ്കിലും പരുക്കേറ്റാൽ മാത്രമാണ് പകരക്കാർക്കു യുഎഇയിലേക്ക് പോകാൻ സാധിക്കുക.
സെപ്റ്റംബർ പത്തിന് യുഎഇയ്ക്കെതിരെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.
സെപ്റ്റംബർ നാലിനു ദുബായില്‍ എത്തിച്ചേരണമെന്നാണ് താരങ്ങൾക്കു ബിസിസിഐ നൽകിയ നിർദേശം. സെപ്റ്റംബർ അഞ്ചിന് ദുബായിലെ ഐസിസി അക്കാദമിയില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങും.
15 അംഗ ടീമിനെ സൂര്യകുമാർ യാദവാണു നയിക്കുന്നത്. ശുഭ്മാൻ ഗില്ലാണ് ഉപനായകൻ.
