ട്വന്റി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ കേസ്.
ന്യൂസീലൻഡിനെതിരായ ഫൈനൽ മത്സരത്തിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെ ഹാർദിക് പാണ്ഡ്യ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് അഭിഭാഷകനായ വാജിദ് ഖാനാണ് പോലീസിൽ പരാതി നൽകിയത് (Hardik Pandya national flag controversy).
ALSO READ: സഞ്ജുവിന് ഇനി വൈകാരിക മത്സരം; പോരാട്ടം മാർച്ച് 30 ന്
മുംബൈയിലെ ശിവാജി നഗർ പോലീസ് സ്റ്റേഷനിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. പാണ്ഡ്യയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ താരത്തിനെതിരെ പോലീസ് കേസെടുത്താതെയാണ് സൂചനകൾ.
ALSO READ: സഞ്ജുവിനെ ഏകദിനത്തിലേക്ക് പരിഗണിക്കാൻ ഗംഭീർ; പക്ഷെ, അഗ്നിപരീക്ഷണം താണ്ടണം
ലോകകപ്പ് വിജയത്തിന്റെ ആവേശത്തിൽ ദേശീയ പതാക പുതച്ച് മൈതാനത്തിറങ്ങിയ പാണ്ഡ്യ, പതാകയുടെ അന്തസ്സിന് നിരക്കാത്ത രീതിയിൽ പെരുമാറിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
വിജയഘോഷങ്ങൾക്കിടെ താരം കാണിച്ച ചില പ്രവൃത്തികൾ ദേശീയ പതാകയോടുള്ള അനാദരവാണെന്ന് അഭിഭാഷകൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ആഘോഷങ്ങൾക്കിടെ വിജയപീഠത്തിൽ (പോഡിയം) കിടന്നതും മറ്റ് അനുചിതമായ പെരുമാറ്റങ്ങളും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകൾക്കും വിമർശനത്തിനും വഴിവെച്ചിട്ടുണ്ട്.
പതാകയെ പുതപ്പായി ഉപയോഗിച്ചതും അത് കൈകാര്യം ചെയ്ത രീതിയും ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഉയരുന്ന ആരോപണം.

ശിക്ഷ നടപടികൾ
ദേശീയ പതാകയെ അപമാനിച്ചു എന്ന കുറ്റം തെളിയിക്കപ്പെട്ടാൽ ‘1971-ലെ ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയൽ നിയമം’ (The Prevention of Insults to National Honour Act, 1971) പ്രകാരമാണ് ശിക്ഷ ലഭിക്കുക.
ഈ നിയമത്തിലെ സെക്ഷൻ 2 അനുസരിച്ച്, കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന വ്യക്തിക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
പതാകയെ മനഃപൂർവ്വം വികൃതമാക്കുകയോ, നിലത്തിട്ട് ചവിട്ടുകയോ, വസ്ത്രമായി ദുരുപയോഗം ചെയ്യുകയോ ചെയ്യുന്ന പ്രവൃത്തികൾ ഇതിന്റെ പരിധിയിൽ വരും. പാണ്ഡ്യക്കെതിരെയുള്ള പരാതിയിൽ കോടതി കുറ്റം ശരിവെക്കുകയാണെങ്കിൽ ഇത്തരം കഠിനമായ നിയമനടപടികൾ താരത്തിന് നേരിടേണ്ടി വരും.
വിജയാഘോഷങ്ങൾക്കിടെ ഹാർദിക് തന്റെ കാമുകിയും നടിയുമായ മഹിക ശർമയോടൊപ്പം ഗ്രൗണ്ടിൽ നൃത്തം ചെയ്തതും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹമോചനത്തിന് ശേഷം ഹാർദിക് മഹികയുമായി പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായിരുന്നു.
മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ മഹികയെ തന്റെ ‘ലക്കി ചാം’ എന്നാണ് ഹാർദിക് വിശേഷിപ്പിച്ചത്. മഹിക തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ഭാഗ്യം തെളിഞ്ഞതെന്നും വിജയങ്ങൾ തുടർച്ചയായി ഉണ്ടായതെന്നും താരം വൈകാരികമായി പ്രതികരിച്ചിരുന്നു.
ടൂർണമെന്റിലുടനീളം ഗാലറിയിലിരുന്ന് ഹാർദിക്കിനെ മഹിക പിന്തുണയ്ക്കുന്നുണ്ടായിരുന്നു. പല മത്സരങ്ങളിലും ഹാർദിക്കിന്റെ മകൻ അഗസ്ത്യയും ഇവർക്കൊപ്പമുണ്ടായിരുന്നു.
അതേ സമയം, ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനമാണ് 32 കാരനായ ഹാർദിക് കാഴ്ചവെച്ചത്. ഒൻപത് മത്സരങ്ങളിൽ നിന്നായി ഒൻപത് വിക്കറ്റുകളും 217 റൺസും താരം അടിച്ചുകൂട്ടി.
ടൂർണമെന്റിലെ മികച്ച പ്രകടനം പരിഗണിച്ച് ഐസിസിയുടെ ലോകകപ്പ് ഇലവനിലും താരം ഇടംപിടിച്ചിരുന്നു.
കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് താരത്തിനെതിരെ ഇത്തരമൊരു നിയമനടപടി വരുന്നത്.
പാണ്ഡ്യയുടെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർക്കിടയിൽ ചേരിതിരിവുണ്ട്.
content: Hardik Pandya national flag controversy
