വർഷങ്ങൾക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അംഗത്വത്തിൽ വിപുലീകരണം നടക്കാൻ ഒരുങ്ങുന്നു. 2019-ൽ സസ്പെൻഡ് ചെയ്യുകയും പിന്നീട് “തുടർച്ചയായ നിയമലംഘനം” കാരണം പുറത്താക്കപ്പെടുകയും ചെയ്ത സാംബിയ ഒരു അസോസിയേറ്റ് അംഗമായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ, ഈസ്റ്റ് ടിമോറിന് ആദ്യമായി ഐസിസി അംഗത്വം ലഭിക്കാനും സാധ്യതയുണ്ട്. ഇരുവർക്കും അസ്സോസിയേറ്റ് മെമ്പർഷിപ്പാണ് നൽകുക.
സാംബിയൻ ക്രിക്കറ്റ് ടീമിന് വലിയൊരു തിരിച്ചുവരവിനുള്ള അവസരമാണിത്. മുൻപ് ഐസിസിയുടെ ഭാഗമായിരുന്ന സാംബിയ, ആഭ്യന്തര പ്രശ്നങ്ങളും ഭരണപരമായ പാളിച്ചകളും കാരണം പുറത്താക്കപ്പെടുകയായിരുന്നു. ഇപ്പോൾ വീണ്ടും അംഗത്വം ലഭിക്കുന്നത് സാംബിയൻ ക്രിക്കറ്റിന് പുതിയൊരു ഊർജ്ജം നൽകും.
ഒരു കാലത്ത് സാംബിയൻ ക്രിക്കറ്റ് ടീം ആഫ്രിക്കൻ ക്രിക്കറ്റിൽ തങ്ങളുടേതായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രാദേശിക ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും നിരവധി യുവതാരങ്ങളെ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐസിസി അംഗത്വം വീണ്ടും ലഭിക്കുന്നതോടെ സാംബിയയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും.
ഈസ്റ്റ് ടിമോറിന് ആദ്യമായി അംഗത്വം ലഭിക്കുന്നത് ക്രിക്കറ്റിന്റെ ആഗോള വ്യാപനത്തിൽ നിർണായകമാണ്. ഏഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ടിമോറിൽ ക്രിക്കറ്റിന് വലിയ വേരുകളില്ലെങ്കിലും, ഐസിസി അംഗത്വം ലഭിക്കുന്നത് അവിടെ കായികരംഗം വളരുന്നതിന് വലിയ പ്രചോദനമാകും. ഇത് പുതിയ താരങ്ങളെ കണ്ടെത്താനും ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാനും സഹായിക്കും.
ഈ തീരുമാനങ്ങൾ ഐസിസിയുടെ പുതിയ കാഴ്ചപ്പാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടുതൽ രാജ്യങ്ങളെ ക്രിക്കറ്റ് കുടുംബത്തിലേക്ക് കൊണ്ടുവരുന്നത് കായികരംഗത്തിന്റെ ഭാവി വളർച്ചയ്ക്ക് അത്യാവശ്യമാണ്. സാംബിയയുടെ തിരിച്ചുവരവും ഈസ്റ്റ് ടിമോറിന്റെ അരങ്ങേറ്റവും ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.
