ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് പരമ്പരയിൽ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരാൻ പുതിയ നീക്കങ്ങളുമായി ടീം ഇന്ത്യ. പരമ്പര 1-1 എന്ന നിലയിൽ നിൽക്കെ, അവശേഷിക്കുന്ന മത്സരങ്ങൾക്കായി ഹർപ്രീത് ബ്രാറിനെയും ദീപക് ചാഹറിനെയും ഒപ്പം കൂടിയിരിക്കുകയാണ് ടീം ഇന്ത്യ.എന്നാൽ ഇരുവരും പ്രധാന സ്‌ക്വാഡിലെ ഭാഗമല്ല,പകരം നെറ്റ് ബൗളർമാരായാണ് ഇവരെ ഇംഗ്ലണ്ടിൽ എത്തിച്ചതെന്നുമാണ് പുതിയ വിവരങ്ങൾ.
ഇടങ്കയ്യൻ സ്പിന്നറായ ഹർപ്രീത് ബ്രാർ എഡ്ജ്ബാസ്റ്റണിൽ വെച്ച് ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നു. പഞ്ചാബ് കിങ്‌സിന്റെ താരമായ ഇദ്ദേഹത്തെ നെറ്റ് ബൗളറായി ഇംഗ്ലണ്ടിൽ എത്തിച്ചത് നായകൻ ശുഭ്മാൻ ഗില്ലിന്റെ പ്രത്യേക നിർദേശപ്രകാരമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ബാറ്റിംഗ് പരിശീലനത്തിന് സ്പിന്നർമാരുടെ സേവനം ആവശ്യമായതുകൊണ്ടാണ് ഈ നീക്കം.
അതേസമയം, പേസർ ദീപക് ചാഹർ ലോർഡ്‌സിൽ വെച്ച് ഇന്ത്യൻ ടീം ക്യാമ്പുമായി സഹകരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കുകൾ കാരണം കുറച്ചുകാലമായി ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ചാഹറിനും നെറ്റ് ബൗളിങ്ങിന്റെ ഭാഗമായിട്ടാണ് അവസരം ലഭിച്ചിരിക്കുന്നത്.
ഇവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ മികച്ച പരിശീലനം നേടാൻ സഹായിക്കും. ഇംഗ്ലണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ ബാറ്റർമാരെ സജ്ജരാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
നിർണായകമായ മൂന്നാം ടെസ്റ്റിനായി ഒരുങ്ങുമ്പോൾ, ഈ താരങ്ങളുടെ സാന്നിധ്യം ടീമിന്റെ തയ്യാറെടുപ്പുകൾക്ക് കൂടുതൽ മികവ് നൽകുമെന്നതിൽ സംശയമില്ല.
