ഫിഫ ലോകകപ്പിന് പന്തുരുളാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കായികലോകത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് പശ്ചിമേഷ്യയിൽ നിന്ന് പുറത്തുവരുന്നത് (Iran FIFA World Cup Withdrawal News). നിലവിലെ യുദ്ധസാഹചര്യവും അമേരിക്കയുമായുള്ള നയതന്ത്ര പ്രതിസന്ധികളും കാരണം വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്നതായാണ് സൂചന.
ഇറാനു നേരെ നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, യുഎസ് ആതിഥേയത്വം വഹിക്കുന്ന ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ.

ഇറാനിലെ നിലവിലെ സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ടീമുകളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എന്നാൽ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ അന്തിമമായ ഒരു അഭിപ്രായം പറയാൻ കഴിയില്ലെന്നുമാണ് ഫിഫ സെക്രട്ടറി ജനറൽ മാറ്റിയാസ് ഗ്രാഫ്സ്ട്രോം അറിയിച്ചിരിക്കുന്നത്.
ഏഷ്യൻ യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയാണ് ഇറാൻ ലോകകപ്പ് യോഗ്യത നേടിയത്. നിലവിലെ ഷെഡ്യൂൾ പ്രകാരം ഗ്രൂപ്പ് ജിയിലാണ് ഇറാന്റെ സ്ഥാനം. ന്യൂസീലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഇറാൻ ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പിൻവാങ്ങുകയാണെങ്കിൽ, ഏഷ്യൻ മേഖലയിൽ നിന്നുള്ള മറ്റൊരു രാജ്യത്തിന് ഈ സ്ഥാനത്തേക്ക് അവസരം ലഭിക്കും.
ഫിഫ നിയമപ്രകാരം ഒരു രാജ്യം പിന്മാറിയാൽ ആ കോൺഫെഡറേഷനിലെ (AFC) യോഗ്യത നേടാത്ത ഏറ്റവും ഉയർന്ന റാങ്കുള്ള ടീമിനെ പരിഗണിക്കാൻ സാധിക്കും.അങ്ങനെയെങ്കിൽ യുഎഇയ്ക്ക് ലോകകപ്പിലേക്ക് ഭാഗ്യവാതിൽ തുറക്കാനാണ് സാധ്യത. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇറാഖിനോട് പരാജയപ്പെട്ട യുഎഇക്ക് ലോകകപ്പ് സ്വപ്നം നഷ്ടമായിരുന്നു.
എന്നാൽ ഇറാന്റെ പിന്മാറ്റം സംഭവിച്ചാൽ യുഎഇക്ക് നേരിട്ട് അവസരം നൽകാനോ, അല്ലെങ്കിൽ ഇറാഖിനെ ഗ്രൂപ്പിലേക്ക് മാറ്റിയ ശേഷം യുഎഇയെ ഇന്റർ കോണ്ടിനെന്റൽ പ്ലേ-ഓഫിലേക്ക് കൊണ്ടുവരാനോ ഫിഫ ആലോചിച്ചേക്കാം. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. എന്തായാലും ഇറാൻ പിന്മാറുകയാണ് എങ്കിൽ യുഎഇ- ഇറാഖ് എന്നിവർക്കാണ് സാധ്യത.
ALSO READ: T20 ലോകക്കപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ആര്? തീയതി, സ്ഥലം, സമയം എന്നിവ പരിശോധിക്കാം…
content: Iran FIFA World Cup Withdrawal News