ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2025-26 സീസണിന് ഇന്ന് പന്തുരുളും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും തമ്മിൽ ഏറ്റുമുട്ടുന്നതോടെ പുതിയ സീസണിന് ഔദ്യോഗികമായി തുടക്കമാവും.
എന്നാൽ ഇത്തവണ കളിക്കളത്തിലെ പോരാട്ടത്തിനൊപ്പം തന്നെ ക്ലബ്ബുകളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കുന്ന ഒരു പുതിയ നിയമം കൂടി ലീഗിൽ നടപ്പിലാക്കുകയാണ്. ഐഎസ്എൽ ചരിത്രത്തിലാദ്യമായി ഈ സീസൺ മുതൽ തരംതാഴ്ത്തൽ (Relegation) സമ്പ്രദായം പ്രാബല്യത്തിൽ വരികയാണ് (ISL 2025-26 Relegation Rule).
ISL 2025-26 Relegation Rule

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുതിയ നിബന്ധനകൾ പ്രകാരം, ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനമെത്തുന്ന ഒരു ടീമിനെ രണ്ടാം നിര ലീഗായ ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് (പഴയ ഐ-ലീഗ്) തരംതാഴ്ത്തും.
എഐഎഫ്എഫ് ആർട്ടിക്കിൾ 3.2.6 പ്രകാരമാണ് ഈ നിർണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ ഘടന പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെങ്കിലും, ഐഎസ്എൽ ക്ലബ്ബുകൾക്കിടയിൽ ഇത് വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോൾ സാമ്പത്തികമായും അല്ലാതെയും പലവിധ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് തരംതാഴ്ത്തൽ നടപടികൾ ഒഴിവാക്കണമെന്ന് ക്ലബ്ബുകൾ എഐഎഫ്എഫിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ക്ലബ്ബുകളുടെ ഈ ആവശ്യം പൂർണ്ണമായും നിരസിച്ച ഫെഡറേഷൻ, ഈ സീസൺ മുതൽ തന്നെ നിയമം നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ്.
ഈ പുതിയ നിയമം ഏറ്റവും കൂടുതൽ ഭീഷണിയാകുന്നത് കൊൽക്കത്തൻ ക്ലബ്ബായ മൊഹമ്മദൻസ് എസ്സിക്ക് ആയിരിക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇത്തവണത്തെ ഐഎസ്എല്ലിൽ വിദേശ താരങ്ങളില്ലാതെ മുഴുവൻ ഇന്ത്യൻ സ്‌ക്വാഡിനെയും മാത്രം ഇറക്കി കളിക്കുന്ന ഏക ടീമാണ് മൊഹമ്മദൻസ് എസ്സി.
ഫിഫയുടെ ട്രാൻസ്ഫർ ബാൻ കാരണമാണ് അവർക്ക് വിദേശ താരങ്ങളെയോ ഇന്ത്യൻ താരങ്ങളെയോ ടീമിലെത്തിക്കാൻ സാധിക്കാത്തത്.
വമ്പൻ വിദേശ താരങ്ങള അണിനിരത്തുന്ന മറ്റ് ക്ലബ്ബുകളോട് മത്സരിക്കുമ്പോൾ പോയിന്റ് പട്ടികയിൽ പിന്നിലാവാനും അതുവഴി റിലഗേഷൻ നേരിടാനും സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ശക്തമാണ്.
തരംതാഴ്ത്തൽ നിയമം വന്നതോടെ ഓരോ മത്സരവും ക്ലബ്ബുകൾക്ക് ജീവൻമരണ പോരാട്ടമായി മാറും. മുൻ സീസണുകളിൽ പോയിന്റ് പട്ടികയിൽ പിന്നിലായാലും ലീഗിൽ തുടരാമെന്ന ആശ്വാസം ഇനി ക്ലബ്ബുകൾക്ക് ലഭിക്കില്ല.
ഇത് ലീഗിന്റെ ആവേശം വർദ്ധിപ്പിക്കുമെങ്കിലും ടീമുകളുടെ സാമ്പത്തിക ഭദ്രതയെയും സ്പോൺസർഷിപ്പുകളെയും ബാധിക്കുമോ എന്ന പേടി നിലനിൽക്കുന്നുണ്ട്.
ഇന്ന് വൈകുന്നേരം ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വെറുമൊരു ഉദ്ഘാടന മത്സരം എന്നതിലുപരി, ഓരോ പോയിന്റും എത്രത്തോളം വിലപ്പെട്ടതാണെന്ന ബോധ്യത്തോടെയാവും ടീമുകൾ കളത്തിലിറങ്ങുക.
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ ഈ പുതിയ മാറ്റം എത്തരത്തിൽ സ്വാധീനം ചെലുത്തുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
ഇന്ത്യൻ ഫുട്ബോളിന്റെ അന്താരാഷ്ട്ര നിലവാരം മെച്ചപ്പെടുത്താൻ തരംതാഴ്ത്തൽ അനിവാര്യമാണെന്നാണ് എഐഎഫ്എഫ് വ്യക്തമാക്കുന്നത്.
എന്നാൽ സാമ്പത്തിക ഭദ്രത ഉറപ്പാകാത്ത സാഹചര്യത്തിൽ ഈ തീരുമാനം തിരിച്ചടിയാകുമെന്ന് ക്ലബ്ബുകൾ ഭയപ്പെടുന്നു.
വമ്പൻ നിക്ഷേപങ്ങൾ നടത്തുന്ന ടീമുകൾക്ക് റിലഗേഷൻ വലിയ ആഘാതമാകും. എന്തായാലും കടുത്ത മത്സരങ്ങൾക്കും പോരാട്ടവീര്യത്തിനും ഈ പുതിയ മാറ്റം വഴിതുറക്കുമെന്ന് ഉറപ്പാണ്.
ALSO READ: ഒരൊറ്റ ട്രാൻസ്ഫർ; ബ്ലാസ്റ്റേഴ്‌സ് ലാഭിച്ചത് 80 ലക്ഷം രൂപ
CONTENT: ISL 2025-26 Relegation Rule