FootballFootballIndian Super LeagueSports

വമ്പൻ മാറ്റങ്ങൾക്ക് ഐഎസ്എൽ; 18 ടീമുകൾ, പ്ലേഓഫില്ല, ഒപ്പം റിലഗേഷനും

ശ്രീനിധി ഡെക്കാൻ, ഇന്റർ കാശി, ഗോകുലം കേരളാ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾ ഐഎസ്എൽ കളിയ്ക്കാൻ താൽപര്യം കാണിച്ച ക്ലബ്ബുകളാണ്.

രാജ്യത്തെ ടോപ് ഡിവിഷൻ ലീഗിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും എഐഎഫ്എഫിനായിരിക്കുമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ഇന്ത്യൻ ഫുട്ബോളിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഇതോടെ എഫ്എസ്ഡിഎല്ലിന് ഐഎസ്എല്ലിന്റെ പങ്കാളികളായി തുടരാമെങ്കിലും അധികാരം എഐഎഫ്എഫിനായിരിക്കും. സുപ്രീം കോടതി വിധിക്ക് ശേഷം ഐഎസ്എൽ സംഘടനാത്വത്തിൽ ഭാഗമാകുമോ എന്ന കാര്യം എഫ്എസ്ഡിഎൽ പ്രതികരിച്ചിട്ടില്ല.

എഐഎഫ്എഫ് ഐഎസ്എല്ലിന്റെ പ്രധാന അധികാരത്തിലേക്ക് വരുമ്പോൾ ചില സുപ്രധാന മാറ്റങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി പ്രതീക്ഷിക്കാം. റിലഗേഷൻ- പ്രൊമോഷൻ എന്നിവയാണ് ഇതിൽ പ്രധാനം. സ്‌പ്രേയിം കോടതി ഉത്തരവിൽ റിലഗേഷൻ- പ്രൊമോഷൻ ഘടനയെ പറ്റി പ്രതിപാദിച്ചിരുന്നു. എഐഎഫ്എഫിന്റെയും ആഗ്രഹമാണ് റിലഗേഷൻ- പ്രൊമോഷൻ കൊണ്ട് വരിക എന്നത്. എന്നാൽ എഫ്എസ്ഡിഎൽ ഇതിന് സമ്മതിക്കാത്തതാണ് ഐഎസ്എല്ലിൽ ഇത് വരെ റിലഗേഷൻ വരാതിരിക്കാൻ കാരണം. ഇനി കാര്യങ്ങൾ എഐഎഫ്എഫിന് തീരുമാനിക്കാം എന്നതിനാൽ ഐഎസ്എല്ലിൽ ഉടൻ റിലഗേഷൻ- പ്രൊമോഷൻ പ്രതീക്ഷിക്കാം..

ടീമുകളുടെ എണ്ണമാണ് മറ്റൊരു മാറ്റം. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ പന്ത് തട്ടിയത് 13 ടീമുകളാണ്. ഐഎസ്എൽ ടീമുകളുടെ എണ്ണം 16 മുതൽ 18 വരെ ഉയർത്തണം എന്നത് എഐഎഫ്എഫിന്റെ ആവശ്യമായിരുന്നു. എന്നാൽ എഫ്എസ്ഡിഎൽ ഇതിന് താൽപര്യം കാണിച്ചിരുന്നില്ല. എഐഎഫ്എഫ് പ്രധാന അധികാരത്തിലേക്ക് എത്തുന്നതോടെ ടീമുകളുടെ എണ്ണം വരും സീസണുകളിൽ 16 മുതൽ 18 വരെ ആയേക്കും.

ശ്രീനിധി ഡെക്കാൻ, ഇന്റർ കാശി, ഗോകുലം കേരളാ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾ ഐഎസ്എൽ കളിയ്ക്കാൻ താൽപര്യം കാണിച്ച ക്ലബ്ബുകളാണ്. ടീമുകളുടെ എണ്ണം വർധിച്ചാൽ ഈ ക്ലബ്ബുകളുടെ അവരുടെ ആഗ്രഹവും നിറവേറ്റാൻ സാധിക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെ യൂറോപ്യൻ ലീഗുകൾക്ക് സമാനമായി ലീഗ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്ന ക്ലബ്ബിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കുന്നതാണ് അടുത്ത ഘടകം. നിലവിൽ ഐഎസ്എല്ലിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ക്ലബിന് ഷീൽഡ് മാത്രമാണ് ലഭിച്ചിരുന്നത്. പ്രധാന ട്രോഫിയായ ഐഎസ്എൽ കിരീടം പ്ലേ ഓഫ് വിജയികൾക്കാണ് ലഭിച്ചിരുന്നത്. എന്നാൽ ഇതിനും ഇനി മാറ്റമുണ്ടാകാൻ പോകുകയാണ്.ഈ മാറ്റങ്ങളെല്ലാം ഈ സീസണിൽ നടക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ വരും സീസണുകളിൽ ഇത് എഐഎഫ്എഫ് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.

content highlights: Big changes likely in Indian Super League (ISL). More teams, promotion and relegation to be implemented soon

kbfc , kerala blasters fc , isl 2025-26