ലയണൽ മെസ്സിയും അർജന്റീനൻ ടീമും കൊച്ചിയിൽ കളിക്കാനെത്തുന്നത് മലയാളി ആരാധകർ ഏറെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. മലയാളത്തിലെ പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് ചാനലായ റിപ്പോർട്ടർ ടിവിയാണ് അർജന്റീയുടെ കേരളാ വരവിന് പിന്നിലെ മുഖ്യസ്പോൺസർ. ഓരോ ദിവസവും മത്സരവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റുകൾ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ ആഗസറ്റിൻ പുറത്ത് വിടുന്നുമുണ്ട്. ഇതിനിടയിൽ റിപ്പോർട്ട് ചാനൽ ഒരു പുതിയ ക്ലബ് കൂടി അനൗൺസ് ചെയ്യുമെന്ന സൂചന കൂടി പുറത്ത് വന്നതോടെ ചർച്ചകൾ ശക്തമാവുകയാണ്.
അർജന്റീയുടെ കേരളാ വരവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ വൈസ് ചെയർമാൻ ജോസ് കുട്ടി അഗസ്റ്റിനുമായി നടത്തിയ ഒരു അഭിമുഖത്തിൽ റിപ്പോർട്ടർ ടിവി ഒരു ടീമിനെ അനൗൺസ് ചെയ്യുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കൊച്ചി സ്റ്റേഡിയത്തിലെ നവീകരണത്തിനായി 70 കോടി രൂപ മുടക്കുമെന്ന് റിപോർട്ടർ ടിവി എംഡി ആന്റോ ആഗസ്റ്റിൻ വ്യകതമാക്കിയിരുന്നു. കേവലം മെസ്സിയുടെ വരവിന് വേണ്ടി മാത്രം 70 കോടി രൂപ മുടക്കി സ്റ്റേഡിയം നവീകരിക്കുന്നതിന് പിന്നിൽ റിപോർട്ടർ ചാനലിന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇതിനെ സാധുകരിക്കുന്നതാണ് റിപ്പോർട്ടർ ടിവി പുതിയ ടീമിനെ പ്രഖ്യാപിക്കുമെന്ന വൈസ് ചെയർമാന്റെ സൂചന.
കൊച്ചിയിൽ നടക്കുന്ന അർജന്റീന- ഓസ്‌ട്രേലിയ മത്സരവേദിയിലാണ് റിപ്പോർട്ടർ ടിവി ഈ പ്രഖ്യാപനം നടത്തുക എന്ന കാര്യം കൂടി അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനാൽ പ്രസ്തുത മത്സരദിവസം കേരളത്തിൽ നിന്നും മറ്റൊരു ഫുട്ബോൾ ക്ലബ്ബിന്റെ പ്രഖ്യാപനവും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
നേരത്തെ, റിപ്പോർട്ടർ ടിവി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വാങ്ങിക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹം കൂടി ഉണ്ടായിരുന്നു. ഇനി, കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിക്ഷപഓഹരികൾ വാങ്ങിക്കുന്ന പ്രഖ്യാപനമാണോ, അതോ പുതിയ ടീമിന്റെ പ്രഖ്യാപനമാണോ എന്ന കാര്യമാണ് വ്യക്തമാവേണ്ടത്. ഏതായലും അർജന്റീന- ഓസ്‌ട്രേലിയ മത്സരവേദിയിൽ കേരളാ ഫുട്ബോളിന് ഒരു പുത്തൻ സർപ്രൈസ് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
