ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണ് നിരാശ മാത്രമാണ് ഫലം. ടി20 ടീമിൽ ഉൾപ്പെട്ടെങ്കിലും ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ ഉൾപ്പെട്ടതിനാൽ സഞ്ജു ഏഷ്യകപ്പിലേത് പോലെ തന്റെ ഇഷ്ടപൊസിഷനായ ടോപ് ഓർഡർ ത്യജിച്ച് മിഡ്ഓർഡറിലോ ഫിനിഷിങ് റോളിലോ തുടരേണ്ടി വരും. ഏകദിന സ്‌ക്വാഡിലും സഞ്ജുവിന് സ്ഥാനമില്ല എന്നതാണ് മറ്റൊരു നിരാശ.
ഏകദിനത്തിൽ 16 മത്സരങ്ങളിൽ നിന്നായി 14 ഇന്നിഗ്‌സുകൾ കളിച്ച സഞ്ജു 56.67ശരാശരിയിലും 99.61 സ്ട്രൈക്ക് റേറ്റിലും ഒരു സെഞ്ചുറിയും 3 അർദ്ധശതകളുമായി 510 റൺസ് നേടിയിട്ടുണ്ട്. അതും മധ്യനിരയിലും ലോ ഓർഡറിലും ബാറ്റ് ചെയ്ത്.
ഇത്തരത്തിൽ ഏകദിനത്തിൽ വിദേശ പിച്ചുകളിലടക്കം അനുഭവസമ്പത്തുള്ള സഞ്ജുവിനെ ഓസ്ട്രലിയൻ പര്യടനത്തിൽ ബാക്ക്അപ്പ് കീപ്പറായി പരിഗണിക്കാതെയാണ് ധ്രുവ് ജൂറേലിന് ആദ്യമായി ഇന്ത്യ ഏകദിന കോൾ ആപ്പ് നൽകിയത് എന്നത് ആരാധകരെ അമ്പരിപ്പിക്കുന്നുണ്ട്.
ദുർബലരായ വിൻഡീസിനെതിരെ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയ താരമാണ് ജുറേൽ. ഇതൊഴിച്ചാൽ സമീപകാലത്തായി ജുറേലിന്റെ ബാറ്റിൽ നിന്നും അത്ഭുതപ്രകടനങ്ങൾ ഉണ്ടായിട്ടില്ല. പ്രത്യകിച്ചും വിദേശ പിച്ചുകളിൽ മികച്ച അനുഭവസാമ്പത്തില്ലാത്ത താരത്തെ സഞ്ജുവിന് പകരം ടീമിൽ ഉൾപ്പെടുത്തിയത് ആരാധകരെ നിരാശയിലാക്കുന്നുണ്ട്.
അതേ സമയം ഓസിസ് മണ്ണിൽ നടക്കുന്ന വൈറ്റ് ബോൾ പരമ്പരയിലെ 3 ഏകദിന മത്സരങ്ങൾക്ക് ഒക്ടോബർ 19 ന് തുടക്കമാവും. അഞ്ച് ടി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്ക് ഒക്ടോബർ 29 നും തുടക്കമാവും.
content: Newcomer named in Indian ODI squad for Australia tour, replacing Sanju Samson
