സമീപകാലത്ത് റയൽ മാഡ്രിഡിന്റെ യുവതാരം റോഡ്രിഗോയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. താരം പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തെ വിട്ടുകൊടുക്കാൻ റയൽ മാഡ്രിഡ് മാനേജ്മെന്റ് ചില ഉപാധികൾ വെച്ചിരിക്കുകയാണ്.
പ്രമുഖ മാധ്യമമായ COPE റിപ്പോർട്ട് ചെയ്തതനുസരിച്ച്, റോഡ്രിഗോയ്ക്ക് ക്ലബ് വിടണമെങ്കിൽ രണ്ട് പ്രധാന നിബന്ധനകൾ അംഗീകരിക്കേണ്ടിവരും. ഒന്നാമതായി, തനിക്ക് ക്ലബ് വിടാൻ ആഗ്രഹമുണ്ടെന്ന് താരം പരസ്യമായി പ്രകടിപ്പിക്കണം.
രണ്ടാമത്തെ നിബന്ധന താരത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. റോഡ്രിഗോയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ക്ലബ് 100 ദശലക്ഷം യൂറോ (ഏകദേശം 900 കോടി രൂപ) റയൽ മാഡ്രിഡിന് നൽകാൻ തയ്യാറായിരിക്കണം. ഇത് രണ്ടുമാണ് റയൽ റോഡ്രിഗോയ്ക്ക് മുന്നിൽ വെയ്ക്കുന്ന ഉപാധികൾ.
സമീപകാലത്ത് ടോട്ടൻഹാമുമായി റോഡ്രിഗോ ചർച്ച നടത്തിയതായും, ലിവർപൂളാണ് തന്റെ ഇഷ്ട ക്ലബ്ബെന്നും വാർത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റയൽ മാഡ്രിഡിന്റെ ഈ നിർണായക നിലപാട് പുറത്തുവന്നിരിക്കുന്നത്.
റയൽ മാഡ്രിഡിന്റെ ഈ ഉപാധികൾ റോഡ്രിഗോയുടെ ട്രാൻസ്ഫർ സാധ്യതകളെ സ്വാധീനിക്കും. ഇത്രയും വലിയ തുക മുടക്കാനും താരത്തിന്റെ പരസ്യ പ്രസ്താവന കാത്തിരിക്കാനും ഏത് ക്ലബ്ബ് മുന്നോട്ട് വരുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.
