തിയ്യതി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഇത്തവണ ഐഎസ്എൽ നടക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചിരുന്നു. എഐഎഫ്എഫും- എഫ്എസ്ഡിഎല്ലും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്എൽ നടക്കുമെന്ന അറിയിപ്പ് വന്നത്. എന്നാലിപ്പോഴിതാ ഐഎസ്എൽ നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് സുപ്രീം കോടതി ചില സുപ്രധാന ഉത്തരവ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഐഎസ്എല്ലിന്റെ നടത്തിപ്പ് വീണ്ടും സംശയത്തിലാക്കിയിരിക്കുന്നത്.
കോടതിയുടെ ഉത്തരവ് പ്രകാരം, രാജ്യത്തെ ഏറ്റവും ഉയർന്ന ഫുട്ബോൾ ലീഗിന്റെ പൂർണ്ണമായ ചുമതല ഇനി എ.ഐ.എഫ്.എഫ്- നായിരിക്കും. അതായത് ഐഎസ്എല്ലിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും കോടതി ഉത്തരവ് പ്രകാരം എഐഎഫ്എഫിനായതിനാൽ ഐഎസ്എൽ നടത്തേണ്ടത് ഇനി മുതൽ എഐഎഫ്എഫാണ്. നേരത്തെ ഐഎസ്എൽ നടത്തിപ്പിൽ എഫ്.എസ്.ഡി.എൽ (FSDL) എന്ന സ്വകാര്യ സ്ഥാപനത്തിന് വലിയ പങ്കുണ്ടായിരുന്നു. എന്നാൽ, പുതിയ തീരുമാനത്തോടെ ലീഗിന്റെ നടത്തിപ്പ് എ.ഐ.എഫ്.എഫ്-ന്റെ കീഴിലാകും.
കൂടാതെ ഇനിയുള്ള സീസണുകളിൽ പ്രൊമോഷൻ- റിലഗേഷൻ എന്നിവ നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എഐഎഫ്എഫിന് ഐഎസ്എല്ലിന് പ്രൊമോഷൻ- റിലഗേഷൻ എന്നിവ കൊണ്ട് വരാൻ താൽപര്യം ഉണ്ടെങ്കിലും എഫ്എസ്ഡിഎല്ലിന് ഇക്കാര്യത്തിൽ താൽപര്യമില്ല.
അതായത് സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളും എഫ്എസ്ഡിഎല്ലിന് എതിരാണ്. എഫ്എസ്ഡിഎല്ലിന് ഉടമസ്ഥാവകാശം ഇല്ലാത്ത ഒരു ലീഗിൽ ഭാഗമാവാൻ എഫ്എസ്എസ്ഡിഎൽ തയ്യാറാവുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
എഫ്എസ്ഡിഎല്ലിന് താൽപര്യം നഷ്ടമായാൽ അവർ ഐഎസ്എല്ലിൽ നിന്നും പിന്മാറും. അങ്ങനെയങ്കിൽ ഐഎസ്എൽ നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിലാവും.
