കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ചതോടെ കോഹ്ലി ഇനി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഏകദിന ടീമിന് വേണ്ടി മാത്രമായിരിക്കും കളിക്കുക. ഇതിനിടയിൽ കോഹ്ലിക്ക് ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ഒരുക്കുകയാണ് ഇംഗ്ലീഷ് കൗണ്ടി ക്ലബായ മിഡിൽസെക്സ്.
കോഹ്ലിയെ ടീമിലെത്തിക്കാനുള്ള നീക്കമാണ് കൗണ്ടി ക്ലബായ മിഡിൽസെക്സ് നടത്തുന്നത്. താരവുമായി ചർച്ച നടത്തുമെന്ന് മിഡിൽസെക്സ് ടീം ഡയറക്ടർ അലൻ കോൾമാൻ പ്രതികരിച്ചു. ‘വിരാട് കോഹ്ലി ഈ തലമുറയിലെ ക്രിക്കറ്റ് ഇതിഹാസമാണ്. അതിനാൽ തീർച്ചയായും കോഹ്ലിയുമായി ഒരു ചർച്ച നടത്താൻ താൽപ്പര്യമുണ്ടെന്ന്’ അലൻ കോൾമാൻ ദി ഗാർഡിയനോട് പറഞ്ഞു.
ഇന്ത്യൻ ഏകദിന ടീമിന് വേണ്ടി കളിക്കുന്നതിനാൽ കോഹ്ലിയ്ക്ക് ഇനി ഇടവേളകൾ കൂടുതൽ ഉണ്ടാവും. കൂടാതെ കോഹ്ലിക്ക് ഇംഗ്ലണ്ടിലേക്ക് താമസം മാറാൻ ആഗ്രഹമുണ്ടെന്നും അവിടെ താരത്തിന് ചില ബിസിനസുകൾ ഉണ്ടെന്നും നേരത്തെ ചില റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടാതെ അവധിക്കാലം ആഘോഷിക്കാൻ കോഹ്ലി കൂടുതലായും തിരഞ്ഞെടുക്കുന്നത് ബ്രിട്ടനാണ്. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ് ടീമിന്റെ നീക്കം.
ഇന്ത്യൻ താരങ്ങൾക്ക് കരാറിലിരിക്കെ വിദേശ ലീഗുകളിൽ കളിക്കുന്നതിന് തടസ്സമുണ്ട്. എന്നാൽ കരാറിലിരിക്കെ വിദേശ ഫ്രാഞ്ചൈസികൾക്ക് വേണ്ടി കളിയ്ക്കാൻ മാത്രമേ തടസ്സമുള്ളു. ക്ലബ്ബുകളിൽ വേണ്ടി കളിക്കാനാവും. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിലെ ടീമുകളെല്ലാം ക്ലബ്ബുകളാണ്, ഫ്രാഞ്ചൈസികളല്ല.
കൂടാതെ, 2018 ൽ കോഹ്ലി കൗണ്ടി ക്രിക്കറ്റ് കളിക്കാനായി സറേയുമായി ഒപ്പ് വെച്ചിരുന്ന. എന്നാൽ രിക്ക് മൂലം അദ്ദേഹത്തിന് കളിയ്ക്കാൻ സാധിച്ചില്ല. എംഎസ് ധോണി, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, ചേതേശ്വർ പൂജാര, സൗരവ് ഗാംഗുലി, അജിൻക്യ രഹാനെ, വാഷിംഗ്ടൺ സുന്ദർ തുടങ്ങീ നിരവധി ഇന്ത്യൻ താരങ്ങൾ കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. നേരത്തെ 2018-ൽ സറേയ്ക്കായി കളിക്കാൻ ഒപ്പുവച്ചെങ്കിലും പരിക്ക് മൂലം കളിക്കാൻ കഴിയാത്ത കോഹ്ലി വീണ്ടും കൗണ്ടിയിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്.
