Argentina national football teamFootballSports

മിന്നും പ്രകടനവുമായി മനസ്സ് കവർന്നു; യുവതാരത്തിന് അർജന്റീനൻ ടീമിൽ അരങ്ങേറ്റമൊരുക്കാൻ സ്കലോണി

അർജന്റീനൻ ദേശീയ ടീമിൽ പരിചയസമ്പന്നരായ റൈറ്റ് ബാക്കുകൾ ഉണ്ടെങ്കിലും, ഭാവിയിലേക്ക് മുതൽക്കൂട്ടാക്കാവുന്ന യുവപ്രതിഭകളെ കണ്ടെത്താൻ സ്കലോണി എപ്പോഴും താൽപ്പര്യം കാണിക്കാറുണ്ട്.

അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി, യുവ റൈറ്റ്-ബാക്ക് അഗസ്റ്റിൻ ഗിയേയുടെ പ്രകടനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ലൂക്ക് ഗാറ്റി റിപ്പോർട്ട് ചെയ്യുന്നു. 21 വയസ്സ് മാത്രം പ്രായമുള്ള ഈ യുവതാരത്തെ ദേശീയ ടീമിഉൾപ്പെടുത്താൻ സ്കലോണിക്ക് താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ബ്രസീലിയൻ ക്ലബ്ബായ പാൽമെയ്‌റാസിന്റെ താരമാണ് അഗസ്റ്റിൻ ഗിയേ. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലർത്തുന്ന മികച്ചൊരു റൈറ്റ്-ബാക്കാണ് അദ്ദേഹം. നേരത്തെ അർജന്റീനൻ ക്ലബ്ബായ സാൻ ലോറെൻസോയുടെ താരമായിരുന്നു ഗിയേ. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അദ്ദേഹം ബ്രസീലിലേക്ക് ചേക്കേറിയത്. അദ്ദേഹത്തിന്റെ വേഗതയും പന്തുമായി മുന്നേറാനുള്ള കഴിവും ക്ലബ് ലോകകപ്പിൽ ശ്രദ്ധേയമായിരുന്നു.

സാൻ ലോറെൻസോയുടെ യൂത്ത് ടീമിലൂടെ വളർന്നുവന്ന ഗിയേ, ക്ലബ്ബിനായി നിരവധി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. സമീപകാലത്ത് പാൽമെയ്‌റാസിനായി കളിച്ചപ്പോഴും ഗിയേയുടെ പ്രകടനം മികച്ചുനിന്നിരുന്നു.

അർജന്റീനൻ ദേശീയ ടീമിൽ പരിചയസമ്പന്നരായ റൈറ്റ് ബാക്കുകൾ ഉണ്ടെങ്കിലും, ഭാവിയിലേക്ക് മുതൽക്കൂട്ടാക്കാവുന്ന യുവപ്രതിഭകളെ കണ്ടെത്താൻ സ്കലോണി എപ്പോഴും താൽപ്പര്യം കാണിക്കാറുണ്ട്.

ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ ദേശീയ ടീമിലേക്ക് എത്തുക എന്നത് ഏതൊരു യുവതാരത്തിന്റെയും സ്വപ്നമാണ്. സ്കലോണിയുടെ ഈ നിരീക്ഷണം അഗസ്റ്റിൻ ഗിയേയുടെ കരിയറിൽ ഒരു വഴിത്തിരിവാകുമോ എന്ന് കണ്ടറിയാം.