സീസണിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ഗോൾ രഹിത സമനില വഴങ്ങിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മിസ് പാസുകളും ഗോൾ വരൾച്ചയും അനുഭവപ്പെട്ട മത്സരത്തിൽ ടീമിന്റെ ഒത്തിണക്കമില്ലായ്മ പ്രകടമായിരുന്നു.
മുംബൈ സിറ്റി എഫ്സിയേക്കാൾ വളരെ കുറഞ്ഞ പ്രീ-സീസൺ സമയം ലഭിച്ചിട്ടും സമനില നേടാനായി എന്നത് ഒരു ആശ്വാസമാണ്. ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രകടനങ്ങൾ എങ്ങനെയാന്നെന്ന് നോക്കാം..
അമരീന്ദറിന്റെ മികവും ഓവറോൾ പ്രകടനവും
മത്സരത്തിൽ ആദ്യമായി നന്ദി പറയേണ്ടത് ഗോൾ കീപ്പർ അമരിന്ദർ സിംഗിനോടാണ്. അദ്ദേഹം നടത്തിയ കിടിലൻ സേവുകളാണ് ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്.
അമരിന്ദറിന് പകരം അർശ് അൻവർ ഷെയ്ഖ് ആയിരുന്നു ഇന്നത്തെ ഗോൾ കീപ്പറെങ്കിൽ കഥ മാറിയേനെ…
4-4-2 എന്ന ഫോർമേഷൻ ഉപേക്ഷിച്ച് 4-1-4-1 എന്ന ഫോർമേഷനിലാണ് ആഷ്ലി വെസ്റ്റ് വുഡ് ഇന്ന് ടീമിനെ ഇറക്കിയത്. ഇന്നത്തെ മത്സരത്തിൽ ഒരു പരീക്ഷണം ഉണ്ടാവുമെന്ന് ആഷ്ലി ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സുമിത് ശർമയ്ക്ക് പകരം നവോച്ച സിങ് ടീമിലെത്തിയതാണ് ഡിഫൻസിലെ ഏക മാറ്റം. ഡിഫൻസിൽ ഇപ്പോഴും ഒരു ഒത്തിണക്കമില്ലായ്മയുണ്ട്. വലിയ ടീമുകളെ നേരിടാൻ ഈ ഡിഫൻസ് മതിയാവില്ല.
നവോച്ച സിങ് ടീമിലെത്തിയെങ്കിലും കാര്യമായി ഒന്നും അദ്ദേഹത്തിന് ചെയ്യാനായില്ല. ലെഫ്റ്റ് വിങ്ങിലൂടെ ഓവർലാപ്പ് ചെയ്യാൻ സാധിക്കുന്ന നവോച്ച ഇന്ന് കേവലമൊരു ഹോൾഡിങ് ഡിഫൻഡറായി ഒതുങ്ങി.
ഒരുപക്ഷെ നവോച്ച ഇന്ന് ഓവർലാപ്പിങ്ങുകൾ ചെയ്തിരുന്നുവെങ്കിൽ അതേ വിങ്ങിൽ കളിക്കുന്ന സനാന് കുറച്ച് കൂടി മികച്ച പ്രകടനം നടത്താൻ സാധിച്ചേനെ.
മധ്യനിരയിലേക്ക് വന്നാൽ, മത്സരത്തിൽ നായക ഹാൻഡ് ബാൻഡ് അണിഞ്ഞ ഫ്രഡി പല അവസരങ്ങളും കളഞ്ഞ് കുളിക്കുന്നതാണ് കണ്ടതാണ്. പലപ്പോഴും ഫ്രഡിയുടെ ഷോട്ടുകൾ ഗോൾ പോസ്റ്റിനും ഏറെ മുകളിലായാണ് പറന്നത്.
മധ്യനിരയിൽ മോണ്ടിനെഗ്രെനിയൻ മിഡ് ഫീൽഡർ കൊസോവിച്ചിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. ഒരു വേൾഡ് ക്ലാസ് പെർഫോമൻസ് അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം എന്നതാണ് ഇന്നത്തെ മത്സരം കാണിച്ച് തരുന്നത്. ലോകോത്തര ടച്ചും അതിനൊത്ത ത്രൂ ബോളുമായി കൊസോവിച്ച് മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ അതൊന്നും മുതലാക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് സാധിച്ചില്ല.
ഫിറ്റ്നസ് പ്രശ്നം നേരിടുന്ന താരമാണ് കൊസോവിച്ച് അത് അദ്ദേഹത്തിൻറെ ശരീരഭാഷയിൽ നിന്ന് വ്യക്തവുമായിരുന്നു. പൂർണ ഫിറ്റ്നസ് നേടുകയാണ് എങ്കിൽ ബ്ലാസ്റ്റേഴ്സിന് നല്ലൊരു മുതൽകൂട്ടായി കൊസോവിച്ച് മാറുമെന്ന കാര്യത്തിൽ സംശയില്ല.
വിങ്ങുകളിൽ മലയാളി താരം സനാനും മികച്ച പ്രകടനമാണ് നടത്തിയതും. പക്ഷെ, അദ്ദേഹത്തിനും നല്ലൊരു സപ്പോർട്ട് കിട്ടിയില്ല.
പ്രിയതാരം അഡ്രിയാൻ ലൂണയിൽ നിന്നും പഴയ പ്രകടനം ആരാധകർക്ക് ഇത് വരെ കാണാൻ സാധിച്ചിട്ടില്ല. ഇന്നും..
സമ്പൂർണ പരാജയമായി മുന്നേറ്റം

ഇന്നത്തെ മത്സരത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ച സെക്ഷനാണ് മുന്നേറ്റം. മോമൊ യാൻസനെയ്ക്ക് ഇന്ന് ഒന്നും ചെയ്യാനായില്ല.
എതിർ ഡിഫൻസിലേക്ക് ഇടിച്ച് കയറി ഗോൾ നേടുന്ന സ്ട്രൈക്കർമാരാണ് ഒരു ടീമിന്റെ കരുത്ത്. അക്കാര്യത്തിൽ മോമൊ ഇന്നത്തെ മത്സരത്തിൽ സമ്പൂർണ പരാജയമായിരുന്നു.
പകരക്കാരായി വന്ന ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീൻ മുംബൈ സിറ്റി എഫ്സിയുടെ സെന്റർ ബാക്കായാണോ കളിച്ചത് എന്ന് പോലും സംശയിച്ച് പോകും.
മുന്നേറ്റം മികവ് കാട്ടിയിരുന്നുവെങ്കിൽ ഒരു ജയം ബ്ലാസ്റ്റേഴ്സിന് നേടാമായിരുന്നു. എന്നാൽ ഇന്നത് ഉണ്ടായില്ല.
അടുത്ത മത്സരത്തിൽ ഒത്തിണക്കത്തോടെ കളിച്ച് വിലപ്പെട്ട 3 പോയിന്റ് നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കട്ടെ..
ALSO READ:
- അത് അവന്റെ കുറ്റമാണ്, ഞങ്ങളുടേതല്ല: ബികാഷ് യുംനത്തിനെതിരെ വിമർശനവുമായി ആഷ്ലി വെസ്റ്റ് വുഡ്
- രക്ഷകനായി വി.ഡി സതീശൻ: ബ്ലാസ്റ്റേഴ്സിന്റെ കണ്ണീരൊപ്പി യുഡിഎഫ് സർക്കാർ
- ‘അവൻ അസാധ്യ ടാലന്റുള്ള താരം’: ബ്ലാസ്റ്റേഴ്സ് താരത്തെ പറ്റി ആഷ്ലി
English Summary: A detailed Kerala Blasters match analysis highlights defensive struggles, midfield highlights by Kosovic, and a lacklustre attack following a goalless draw against Mumbai City.
