ബാഴ്‌സലോണ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ട്രാൻസ്ഫറുകളിലൊന്നായിരുന്നു അത്ലറ്റിക് ക്ലബ്ബിന്റെ യുവതാരം നിക്കോ വില്യംസിന്റെ ബാഴ്‌സയിലേക്കുള്ള കൂടുമാറ്റം. ലാമിൻ യമാൽ – നിക്കോ കൂട്ടുകെട്ട് വരും സീസണുകളിൽ എതിരാളികൾക്ക് ഭീഷണിയാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് നിക്കോ അത്ലറ്റിക് ക്ലബ്ബുമായി 2035 വരെ കരാർ പുതുക്കിയതോടെ ആരാധകർ നിരാശരാകുകയും തുടർന്ന് രോഷാകുലരാവുകയുമായിരുന്നു.
കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിലും നിക്കോയുടെ ബാഴ്‌സയിലേക്കുള്ള വരവ് സജീവ ചർച്ചയായിരുന്നു. ഈ തവണ അത് കൂടുതൽ ശക്തമായ ഒരു ട്രാൻസ്ഫറായി മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, താരം ബിൽബാവോയിൽ കരാർ പുതുക്കിയെന്ന വാർത്ത വന്നതോടെ ബാഴ്‌സ ആരാധകർ നിക്കോയെ സോഷ്യൽ മീഡിയകളിൽ അൺഫോളോ ചെയ്യാൻ തുടങ്ങി. ഇതിനോടകം നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് നിക്കോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ നഷ്ടമായത്.
ലാലിഗയിൽ വരും സീസണുകളിൽ ബാഴ്‌സലോണയും അത്ലറ്റിക് ക്ലബ്ബും തമ്മിൽ നടക്കുന്ന മത്സരങ്ങളിൽ, ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവിൽ നിക്കോ വില്യംസിനെതിരെ വലിയ ആരാധക പ്രതിഷേധവും ബാനറുകളും ഉയരുമെന്ന് ഉറപ്പാണ്. നിക്കോ ഇനി ഫ്രീ ട്രാൻസ്ഫറായി വന്നാൽ പോലും താരത്തെ ടീമിലെടുക്കരുതെന്നാണ് ബാഴ്‌സ ആരാധകരുടെ പക്ഷം. നിലവിൽ ബാഴ്‌സ ആരാധകരുടെ ബദ്ധശത്രുവായി നിക്കോ വില്യംസ് മാറിയിരിക്കുകയാണ്.
അതേസമയം, ബാഴ്‌സ ആരാധകർ നിക്കോയ്‌ക്കെതിരെ നടത്തുന്ന ഈ സോഷ്യൽ മീഡിയ ക്യാമ്പയിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്. എവിടെ കളിക്കണം എന്നത് ഒരു താരത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഈ വിഷയത്തിൽ ഒരു താരത്തെ മാത്രം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളും ക്യാമ്പയിനുകളും നടത്തുന്നത് ശരിയല്ലെന്നാണ് വിമർശകരുടെ വാദം.
ഒരു താരത്തിന്റെ കരിയർ തീരുമാനിക്കാനുള്ള അവകാശത്തെ മാനിക്കാതെ നടത്തുന്ന ഇത്തരം നീക്കങ്ങൾ കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് പൊതുവായ അഭിപ്രായം.
