ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലെ തോൽവിക്ക് ശേഷം, പരാജയത്തിന്റെ കാരണങ്ങൾ തുറന്നുപറഞ്ഞ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. അഞ്ച് ദിവസത്തെ കഠിന പോരാട്ടത്തിന് ശേഷം അവസാന സെഷനിലെ അവസാന വിക്കറ്റിൽ വരെ മത്സരം എത്തിയത് ടീമിന്റെ അർപ്പണബോധത്തെയാണ് കാണിക്കുന്നതെന്ന് പറഞ്ഞ ഗിൽ, ചില നിർണായക പിഴവുകൾ തോൽവിക്ക് വഴിയൊരുക്കിയെന്ന് സമ്മതിച്ചു.
വിജയലക്ഷ്യം പിന്തുടരുമ്പോൾ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്ന് ഗിൽ വ്യക്തമാക്കി. ധാരാളം ബാറ്റിംഗ് ബാക്കിയുണ്ടായിരുന്നെങ്കിലും, ഇംഗ്ലണ്ട് ബൗളർമാർ ആക്രമണാത്മകമായ സമീപനം സ്വീകരിച്ചത് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കി. “ഞങ്ങൾക്ക് ടോപ്പ് ഓർഡറിൽ 50 റൺസിന്റെ രണ്ട് കൂട്ടുകെട്ടുകൾ ആവശ്യമുണ്ടായിരുന്നു, എന്നാൽ അത് നേടാനായില്ല” ഗിൽ പറഞ്ഞു.
മത്സരത്തിൽ ഒരു ഘട്ടത്തിൽ 80-100 റൺസിന്റെ ലീഡ് ലഭിച്ചിരുന്നെങ്കിൽ അത് നിർണായകമാകുമായിരുന്നുവെന്ന് ഗിൽ വെളിപ്പെടുത്തി. കാരണം, അഞ്ചാം ദിവസം ഈ പിച്ചിൽ 150-200 റൺസ് പിന്തുടരുന്നത് എളുപ്പമായിരിക്കില്ലെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ ആ ലക്ഷ്യം നേടാനായില്ല.
നാലാം ദിവസം അവസാന ഒരു മണിക്കൂറിൽ, പ്രത്യേകിച്ച് അവസാന രണ്ട് വിക്കറ്റുകൾ വീണ രീതിയിൽ, തങ്ങൾക്ക് കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നുവെന്ന് ഗിൽ ചൂണ്ടിക്കാട്ടി.അഞ്ചാം ദിനം രാവിലെ ഇംഗ്ലണ്ട് പദ്ധതികളുമായി വന്ന രീതിയും തങ്ങൾക്ക് വെല്ലുവിളിയായി. ടോപ്പ് ഓർഡറിൽ ഒരു 50 റൺസ് കൂട്ടുകെട്ട് കൂടി ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിലപ്പോൾ പരമ്പരയിലെ സ്കോർകാർഡ് ടീമിന്റെ കളിമികവിനെ പ്രതിഫലിപ്പിക്കണമെന്നില്ലെന്നും, തങ്ങൾ മികച്ച ക്രിക്കറ്റ് കളിച്ചെന്നും ഗിൽ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മത്സരങ്ങൾ കൂടുതൽ ആവേശകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഈ തുറന്നുപറച്ചിൽ ടീമിന്റെ ആത്മപരിശോധനയെയും മുന്നോട്ടുള്ള യാത്രയെയും സഹായിക്കും.
