CricketCricket National TeamsIndian Cricket TeamSports

നാലാം ടെസ്റ്റിൽ ഇന്ത്യക്കായി യുവതാരം അരങ്ങേറ്റം കുറിക്കും!; റിപ്പോർട്ട്…

നിർണായകമായ നാലാം ടെസ്റ്റിൽ കാംബോജ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ പ്രത്യുഷ് രാജ് റിപ്പോർട്ട് ചെയ്യുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ പരിക്കുകൾ വേട്ടയാടുകയാണ്. യുവ പേസർ അർഷ്ദീപ് സിങ്ങിന് പരിശീലനത്തിനിടെ പരിക്കേറ്റതിന് പിന്നാലെ മറ്റൊരു പേസ് ബൗളർ അൻഷുൽ കാംബോജിനെ നാലാം ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ നിർണായകമായ നാലാം ടെസ്റ്റിൽ കാംബോജ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ പ്രത്യുഷ് രാജ് റിപ്പോർട്ട് ചെയ്യുന്നു.

അർഷ്ദീപ് സിങ്ങിന് കൈയിൽ ആഴത്തിലുള്ള മുറിവേറ്റതിനാൽ നാലാം ടെസ്റ്റിൽ കളിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, ലോർഡ്‌സ് ടെസ്റ്റിനിടെ പരിക്കേറ്റ ആകാശ് ദീപിന്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹരിയാനയിൽ നിന്നുള്ള യുവ പേസർ അൻഷുൽ കാംബോജിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. പരിക്ക് മൂലം രണ്ട് പേസർമാർ പുറത്തിരുന്നാൽ കാംബോജ് അരങ്ങേറ്റം നടത്താൻ സാധ്യതകളേറെയാണ്.

കഴിഞ്ഞ ആഭ്യന്തര സീസണുകളിൽ മികച്ച പ്രകടനമാണ് കാംബോജ് കാഴ്ചവെച്ചത്. 2024-25 രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് നേടി ചരിത്രം കുറിച്ച താരം, വിജയ് ഹസാരെ ട്രോഫിയിൽ ഹരിയാനയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഈയിടെ ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന ഇന്ത്യ ‘എ’ മത്സരങ്ങളിലും അദ്ദേഹം തിളങ്ങി.

ഐപിഎൽ 2025 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടിയും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ പ്രകടനങ്ങളെല്ലാം അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ പരിഗണനയിലേക്ക് കൊണ്ടുവരാൻ സഹായിച്ചു.

മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ അൻഷുൽ കാംബോജ് ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ എത്തുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നുണ്ട്. പരിക്കുകൾ മൂലം ടീം നേരിടുന്ന വെല്ലുവിളികൾക്കിടയിൽ, ഈ യുവ പേസറിന് അവസരം ലഭിക്കുകയാണെങ്കിൽ അത് താരത്തിനും ഇന്ത്യൻ ടീമിനും പരീക്ഷണമാണ്.