ഐഎസ്എല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ ഒഴിവാക്കി പകരം പ്രീമിയർ ലീഗ്, ലാലിഗ തുടങ്ങീ ലോകത്തിലെ പല പ്രമുഖ ലീഗുകളും പിന്തുടരുന്ന ലീഗ് ടോപ്പേഴ്സിനെ ചാമ്പ്യന്മാരാക്കുന്ന രീതി ആവിഷ്കരിക്കണെമെന്ന് പല ആരാധകരും ഉയർത്തിയ അഭിപ്രായമാണ്. ലോകോത്തര ലീഗുകളിൽ Double round robin ഫോർമാറ്റിൽ മത്സരങ്ങൾ നടത്തി പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരെ ചാമ്പ്യന്മാരാക്കുന്ന രീതിയാണ് ഉള്ളത്. എന്നാൽ ഐഎസ്എല്ലിൽ ടോപ് സിക്സ് ടീമുകൾക്ക് പ്ലേ ഓഫ് യോഗ്യത നൽകി, പിന്നീട് സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ മത്സരം ക്രമീകരിച്ച് ഒരു ടൂർണമെന്റ് മോഡലിലാണ് ചാമ്പ്യന്മാരെ നിർണയിക്കുന്നത്. ടേബിൾ ടോപ്പേഴ്സിനെ ഐഎസ്എൽ ഷീൽഡ് വിജയികളാക്കുന്നുണ്ടെങ്കിലും പലപ്പോഴും ടേബിൾ ടോപ്പേഴ്സിനേക്കാൾ പ്രാധാന്യം ഐഎസ്എൽ കപ്പ് വിന്നർമാർക്കാണ് ലഭിക്കാറുള്ളത്. എന്നാൽ പുതിയ സീസണിൽ ഈ രീതി മാറുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർകുലോ.
വരാനിരിക്കുന്ന 2025-26 സീസണിലും പ്ലേ ഓഫ് സംവിധാനം തുടരുമെന്നാണ് അദ്ദേഹത്തിൻറെ അപ്ഡേറ്റ്. വരാനിരിക്കുന്ന സീസണിൽ പതിവ് പോലെ ഒരു ടീം, ഹോം എവേ രീതിയിൽ ഒരു ടീമിനോട് രണ്ട് മത്സരങ്ങൾ കളിച്ച് ലീഗ് ഘട്ടം പൂർത്തീകരിക്കും. ശേഷം മികച്ച ആറ് ടീമുകൾ പ്ലേ ഓഫിന് യോഗ്യത നേടും. ഇതിൽ ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിന് യോഗ്യത നേടും. മൂന്ന് മുതൽ ആറ് വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ ഏറ്റുമുട്ടി സെമി ഫൈനലിന് യോഗ്യത നേടും. ഇത്തരത്തിൽ പതിവ് രീതി തന്നെയാണ് ഇത്തവണയും നടക്കുക.
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആഗ്രഹിക്കുന്ന ടേബിൾ ടോപ്പേഴ്സിനെ ചാമ്പ്യന്മാരാക്കുന്ന രീതി ഇത്തവണയും ഇല്ലെന്ന് സാരം.
