Indian Super League

ഇത് ചരിത്രം; സാക്ഷാൽ ഹാരി കെയ്നെ മറികടന്ന് അജാരി; ലോകശ്രദ്ധ നേടി ഐഎസ്എൽ

മൊഹമ്മദ് സലാഹ്, ഹാരി കെയ്ൻ, തുടങ്ങീ ലോകഫുട്ബോളിലെ പ്രമുഖർ ഉൾപ്പെടുന്ന പട്ടികയിലാണ് അജാരി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ ഹാരി കെയ്ൻ അജാരിക്കും പിന്നിലാണ് ഉള്ളതെന്നാണ് കൗതുകകരം.

2024-25 സീസണിൽ ലോകത്തെ വിവിധ ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയവരുടെ പട്ടികയിൽ ഐഎസ്എല്ലിൽ നിന്നുമൊരു താരം. അത്ഭുതപ്പെടേണ്ട.. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ അലാദീൻ അജാരിയാണ് ലിസ്റ്റിൽ ഇടം പിടിച്ച ഏക ഐഎസ്എൽ താരം. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഇത്തരത്തിലൊരു കണക്കുകളിൽ ആദ്യ പത്തിൽ ഉൾപ്പെടുത്തുന്നത്.

മൊഹമ്മദ് സലാഹ്, ഹാരി കെയ്ൻ, തുടങ്ങീ ലോകഫുട്ബോളിലെ പ്രമുഖർ ഉൾപ്പെടുന്ന പട്ടികയിലാണ് അജാരി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ ഹാരി കെയ്ൻ അജാരിക്കും പിന്നിലാണ് ഉള്ളതെന്നാണ് കൗതുകകരം.

25 മത്സരങ്ങളിൽ നിന്ന് 39 ഗോളും 9 അസിസ്റ്റും നേടിയ സിംഗപ്പൂർ ലീഗിൽ കളിക്കുന്ന ജാപ്പനീസ് താരം ടോമോയുകി ടോയ് ആണ് പട്ടികയിലെ ഒന്നാമൻ. 27 ഗോളും 17 അസിസ്റ്റും നേടിയ ലിവർപൂളിന്റെ സലാഹാണ് പട്ടികയിലെ രണ്ടാമൻ. പട്ടികയിൽ 23 ഗോളും 7 അസിസ്റ്റുമായി അജാരി ആറാം സ്ഥാനത്താണ്.

21 ഗോളും 8 അസിസ്റ്റുമായി പട്ടികയിൽ അജാരിയെക്കാൾ താഴെയായി എട്ടാം സ്ഥാനത്താണ് ബയേൺ മ്യുണിക്കിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ ഉള്ളത്.

ലോകത്തിലെ വിവിധ ലീഗുകളുടെ നിലവാരം വ്യത്യസപ്പെട്ടിരിക്കുമെങ്കിലും അജാരി പട്ടികയിൽ ഇടംപിടിച്ചത് ഐഎസ്എല്ലിനും അഭിമാനനേട്ടമാണ്. ഇതോടെ ലോകഫുട്ബാളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് അജാരിയും നോർത്ത് ഈസ്റ്റും ഐഎസ്എല്ലുമൊക്കെ.

context: https://www.transfermarkt.com/statistik/topscorer