CricketCricket LeaguesIndian Premier LeagueSports

ഹർദിക്കിനെ വിറ്റ് ആ ഓസിസ് താരത്തെ കൊണ്ട് വരൂ: മുംബൈയ്ക്ക് സർപ്രൈസ് നിർദേശവുമായി മുൻ ക്യാപ്റ്റൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ (IPL 2026) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലൂടെയാണ് മുംബൈ ഇന്ത്യൻസ് കടന്നുപോകുന്നത്.

പോയിന്റ് പട്ടികയിൽ ഇത്തവണ ഏറ്റവും അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്യേണ്ടി വരുമോയെന്ന വലിയ ഭീതിയിലാണ് ഇപ്പോൾ മുംബൈ ആരാധകർ .

ടീമിന്റെ ഈ മോശം അവസ്ഥയിൽ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിന് ഒരു സർപ്രൈസ് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൻ.

അടുത്ത സീസണിൽ ശക്തമായ ഒരു തിരിച്ചുവരവ് നടത്തുന്നതിനായി ടീമിൽ വരുത്തേണ്ട ഒരു വമ്പൻ മാറ്റമാണ് അദ്ദേഹം ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന്റെ പരാജയമാണ് മുംബൈ ഇന്ത്യൻസിന് നേരിടേണ്ടി വന്നത്.

ഇതോടെ ഇത്തവണ കളിച്ച പതിമൂന്ന് മത്സരങ്ങളിൽ നിന്നും അവരുടെ ഒമ്പതാമത്തെ പരാജയമാണിത്. വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ഹാർദിക് പാണ്ഡ്യയ്ക്കും സംഘത്തിനും ഈ സീസണിൽ വിജയിക്കാൻ സാധിച്ചിട്ടുള്ളത്.

ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും കളിക്കാരുടെ ഫോമില്ലായ്മയും മുംബൈയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഈ തകർച്ചയിൽ നിന്നും കരകയറാൻ ടീമിൽ വലിയ അഴിച്ചുപണികൾ ആവശ്യമാണെന്ന് തന്നെയാണ് മൈക്കൽ വോൻ വ്യക്തമാക്കുന്നത്.

അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തു മാത്രമല്ല, ടീമിൽ പോലും ഹാർദിക് പാണ്ഡ്യ ഉണ്ടാകരുതെന്ന സർപ്രൈസ് നിരീക്ഷണമാണ് മൈക്കൽ വോൻ നടത്തിയിരിക്കുന്നത്.

ഒരു ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.ഗുജറാത്ത് ടൈറ്റൻസ് ടീമിനെ വളരെ നന്നായി നയിച്ചുകൊണ്ടിരുന്ന ഹാർദിക്കിനെ വലിയ തുക നൽകി മുംബൈ തിരികെ വാങ്ങിയ തീരുമാനത്തെയും വോൻ ശക്തമായി ചോദ്യം ചെയ്തു.

ഗുജറാത്ത് ടീമിനൊപ്പം വലിയ വിജയങ്ങൾ നേടാൻ ഹാർദിക്കിന് സാധിച്ചിരുന്നു. വ്യത്യസ്ത പരിശീലകർക്കും വ്യത്യസ്ത കളിക്കാർക്കുമൊപ്പം കിരീടം നേടാൻ കഴിഞ്ഞ ഹാർദിക്കിനെ മുംബൈയിലേക്ക് കൊണ്ടുവന്നത് രണ്ട് കൂട്ടർക്കും ഗുണം ചെയ്തില്ല എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

മുംബൈ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ ഒരേ അടുക്കളയിൽ ഒരുപാട് പാചകക്കാർ ഉള്ളതുപോലെയാണെന്നും അത് ടീമിന്റെ താളം തെറ്റിച്ചെന്നും വോൻ വ്യക്തമാക്കി.

ALSO READ: ആഗ്രഹിച്ച വാർത്ത: CSK- യിൽ രണ്ട് കസേരകൾ തെറിക്കുന്നു; അടുത്ത സീസൺ ലക്ഷ്യമാക്കി വൻ അഴിച്ച് പണികൾ

ഹാർദിക്കിന് പകരം കാമറൂൺ ഗ്രീൻ

IPL 2026
Cameron Green

ഒരു ടീമിനെ നയിക്കണമെന്നാണ് ഹാർദിക് പാണ്ഡ്യ ആഗ്രഹിക്കുന്നതെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അദ്ദേഹത്തെ നൽകി പകരം ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് വോൻ ചൂണ്ടിക്കാട്ടി.

ക്യാപ്റ്റൻസി തന്നെയാണ് ഹാർദിക് ആഗ്രഹിക്കുന്നതെങ്കിൽ പുതിയൊരു കൂട്ടത്തിനൊപ്പം ആയിരിക്കുന്നതാണ് അദ്ദേഹത്തിന് കൂടുതൽ നല്ലത്. കൊൽക്കത്ത ടീം പുതിയൊരു നായകനെ നോക്കുന്ന സാഹചര്യത്തിൽ ഈ ഒരു കളിക്കാരെ കൈമാറുന്ന നീക്കം ഇരു ടീമുകൾക്കും ഗുണം ചെയ്യുമെന്നാണ് വോൻ അഭിപ്രായപ്പെടുന്നത്.

എന്നാൽ ഈ ഒരു കൈമാറ്റം അത്ര എളുപ്പത്തിൽ നടക്കാൻ സാധ്യതയില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.

കഴിഞ്ഞ ലേലത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 25.20 കോടി രൂപയ്ക്കാണ് കാമറൂൺ ഗ്രീനിനെ കൊൽക്കത്ത സ്വന്തമാക്കിയത്.

സീസണിന്റെ ആദ്യ പകുതിയിൽ ഇത്രയും വലിയൊരു തുകയോട് നീതി പുലർത്താൻ ഈ ഓസ്‌ട്രേലിയൻ താരത്തിന് സാധിച്ചിരുന്നില്ല.

ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെട്ടെന്നു മാത്രമല്ല, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിർദ്ദേശം കാരണം പന്തെറിയുന്നതിൽ നിന്നും ഗ്രീൻ മാറി നിൽക്കുകയായിരുന്നു.

എന്നാൽ സീസൺ ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കവെ ഗ്രീനിന്റെ പ്രകടനത്തിൽ വലിയ പുരോഗതിയാണ് കാണാൻ സാധിക്കുന്നത്.

ബാറ്റിങ്ങിൽ പഴയ ഫോമിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഇപ്പോൾ പന്തെറിയാനും ആരംഭിച്ചിട്ടുണ്ട്.

കളിച്ച പതിമൂന്ന് ഇന്നിങ്സുകളിൽ നിന്നും രണ്ട് അർദ്ധ സെഞ്ച്വറികളടക്കം 316 റൺസ് നേടിയ താരം ഏഴ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അടുത്ത സീസണിൽ കൊൽക്കത്തയുടെ ഏറ്റവും നിർണായക താരങ്ങളിൽ ഒരാളായിരിക്കും കാമറൂൺ ഗ്രീൻ.

അതിനാൽ തന്നെ ഗ്രീനിനെ വിട്ടുകൊടുത്ത് ഹാർദിക്കിനെ വാങ്ങാൻ കൊൽക്കത്ത തയ്യാറാകാനുള്ള സാധ്യത വളരെ കുറവാണ്.

ഗ്രീനിന്റെ ഐപിഎല്ലിലെ തുടക്കം മുംബൈ ഇന്ത്യൻസിലൂടെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

2023-ൽ 17.50 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ മുംബൈ വാങ്ങിയത്. അന്ന് ഒരു സെഞ്ച്വറിയടക്കം 412 റൺസ് നേടി മികച്ച പ്രകടനം നടത്തിയിട്ടും പിന്നീട് ഹാർദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് മുംബൈ ഗ്രീനിനെ ഒഴിവാക്കിയത്.

ഈ ഒരു വലിയ അബദ്ധമാണ് ഇപ്പോൾ മുംബൈയുടെ തകർച്ചയ്ക്ക് കാരണമായത് എന്നാണ് മൈക്കൽ വോൻ വ്യക്തമാക്കുന്നത്.

ALSO READ: ആ 2 പേരും അടുത്ത ലോകകപ്പ് കളിക്കില്ല: ഗംഭീറിന്റെ കടുത്ത സൂചന

English Summary : As Mumbai Indians face a tough time in IPL 2026, former England captain Michael Vaughan suggested a surprise trade. He recommended dropping Hardik Pandya and bringing back Australian all-rounder Cameron Green from Kolkata Knight Riders to rebuild the squad.