FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്‌സിന് അപായ സൂചന: ഏയ്ഞ്ചൽ വിയാഡെറോ പണിയാകുമോ?

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ ഐഎസ്എൽ സീസണിലെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് എഫ്സി ഗോവ. ഇന്നലെ നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവയുടെ വിജയം.

നോർത്ത് ഈസ്റ്റിന്റെ ഐഎസ്എൽ സീസണിലെ ആദ്യ പരാജയം കൂടിയാണിത്. എന്നാൽ ഗോവയുടെ വിജയം ബ്ലാസ്റ്റേഴ്സിനും ഒരു അപകട സൂചനയാണ്.

ഗൗർമാൻകി സിങിന്റെ കീഴിൽ കുതിക്കാൻ കഷ്ടപ്പെട്ട എഫ്സി ഗോവായല്ലിത്, മറിച്ച് ഏയ്ഞ്ചൽ വിയാഡെറോ എന്ന അവരുടെ പുതിയ സ്പാനിഷ് ബോസിന്റെ കീഴിൽ തങ്ങളുടെ പ്രതാപം വീണ്ടെടുത്ത് തുടങ്ങുന്ന എഫ്സി ഗോവയെയാണ് നമ്മൾ ഇന്നലെ കണ്ടത്.

ഗോവയുടെ ഈ ഉയർച്ച ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാവുന്നത് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഗോവയുമായിട്ടാണ് എന്നുള്ളത് കൊണ്ടാണ്.

സാധാരണ ലീഗിനിടയിൽ പുതിയ പരിശീലകൻ വരുമ്പോൾ അദ്ദേഹത്തിന്റെ ഫോർമേഷൻ ടീമിൽ നടപ്പിലാവാൻ കുറച്ച് സമയമെടുക്കാറുണ്ട്.

എന്നാൽ ഗോവയുടെ കാര്യത്തിൽ അതല്ല. ഒരാഴ്ചയ്ക്ക് മുമ്പ് മാത്രം ചാർജെടുത്ത വിയാഡെറോ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോവയ്ക്ക് ഒരു വിജയം നേടിക്കൊടുക്കുന്നു. അതും എവേ ഗ്രൗണ്ടിൽ ഒരു ക്‌ളീൻഷീറ്റ് വിജയം. അതും ലീഗിൽ ഇത് വരെ തോറ്റിട്ടില്ലാത്ത നോർത്ത് ഈസ്റ്റിനോട്.

ഇത് അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ആ ആത്മവിശ്വാസവുമായാണ് അവർ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നത്.

നവംബർ 29 ന് ഗോവയുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലെ പോരാട്ടം.

പ്രീ-സീസൺ പോരായ്മ നവംബറിലെ ഇന്റർനാഷണൽ ഇടവേളയിൽ ബ്ലാസ്റ്റേഴ്‌സ് പരിഹരിക്കുമെന്ന് കരുതാം.

എങ്കിലും വിയാഡെറോയെ പോലുള്ള ഒരു പരിശീലകന്റെ മികവ് തന്നെയാണ് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരുന്ന തലവേദനയും.

ALSO READ:

English Summary: FC Goa ended NorthEast United’s unbeaten ISL run with a 1-0 away win under new coach Angel Viadero. This boost puts Goa in strong form ahead of their November 29 clash against Kerala Blasters in Fatorda, presenting a major tactical test for Kerala Blasters.