മികച്ച താരങ്ങളെ ടീമിലെത്തിക്കാതെയും ഡ്യൂറൻഡ് കപ്പിൽ നിന്ന് പിന്മാറിയതിലൂടെയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വഞ്ചിക്കുകയാണെന്ന ആരോപണം ഏറെക്കാലമായി ശക്തമാണ്. മാനേജ്മെന്റ് ബിസിനസ് താൽപ്പര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന വിമർശനവും വ്യാപകമാണ്. ഇത്തരത്തിൽ ആരാധകരുടെ പ്രതീക്ഷകളെ തകർക്കുന്ന ക്ലബ്ബിന് ഇപ്പോൾ വലിയൊരു തിരിച്ചടിയേറ്റിരിക്കുകയാണ് സ്പാനിഷ് മുന്നേറ്റനിര താരം ജീസസ് ജിംനസിന്റെ കൂടുമാറ്റത്തിലൂടെ..
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായിരുന്ന ജിംനസ്, അടുത്ത സീസണിലും ക്ലബ്ബിൽ തുടരാൻ പദ്ധതിയിട്ടിരുന്ന താരമായിരുന്നു. എന്നാൽ, യൂറോപ്പിൽ നിന്ന് മികച്ചൊരു ഓഫർ ലഭിച്ചതോടെ അദ്ദേഹം ബ്ലാസ്റ്റേഴ്സുമായി പരസ്പര ധാരണയോടെ വഴിപിരിയുകയായിരുന്നു. പോളണ്ടിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ ബ്രൂക്ക്-ബെറ്റ് തെർമൽ നോൺ-ലിക്വിഡിലേക്കാണ് ജിംനസ് ചേക്കേറിയത്.
അടുത്ത സീസണിൽ തുടരുമെന്ന് ഏതാണ്ട് ഉറപ്പിച്ച താരം അവസാന നിമിഷം ക്ലബ്ബ് വിട്ടത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ്. പുതിയ സീസണിലേക്ക് ഇനി പുതിയൊരു സ്ട്രൈക്കറെ കൊണ്ടുവരിക എന്നത് ക്ലബ്ബിന് പ്രയാസമേറിയ കടമ്പയായിരിക്കും.
നേരത്തെ പ്രീ-കോൺട്രാക്ടിൽ എത്തിച്ച മറ്റൊരു സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന്റെ കരാറും ബ്ലാസ്റ്റേഴ്സ് റദ്ദാക്കിയിരുന്നു. കാസ്റ്റലിന് പകരമായി പുതിയൊരു സ്ട്രൈക്കറെ അന്വേഷിക്കുന്നതിനിടെയാണ് ടീമിലെ പ്രധാന സ്ട്രൈക്കറായ ജിംനസും ക്ലബ് വിടുന്നത്. ഇത് പുതിയ സീസണിൽ ടീമിന്റെ മുന്നേറ്റനിരയ്ക്ക് വലിയ വെല്ലുവിളിയാകും.
ഒരു വശത്ത് ക്ലബ്ബിന്റെ നീക്കം ബിസിനസ്പരമായി ശരിയായ തീരുമാനമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും, ആരാധകരുടെ വികാരങ്ങളെ മാനിക്കാതെയും ടീം ശക്തിപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകാതെയും മുന്നോട്ട് പോകുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
