ഏഷ്യാ കപ്പ് 2025-ൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ഫിക്സ്ചറുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ച് എക്സിൽ “Shame on You BCCI” എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ ശക്തമാവുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ പ്രതിഷേധത്തിന് കാരണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ ക്രിക്കറ്റ് കളിക്കാനുള്ള ഈ തീരുമാനം ദേശസ്നേഹത്തിന് എതിരാണെന്നും ചിലർ വാദിക്കുന്നു. ഇന്ത്യ ഏഷ്യ കപ്പ് ബഹിഷ്കരണമെന്നായിരുന്നു ഈ ആരാധകരുടെ അഭിപ്രായം.
നേരത്തെ, ഏഷ്യാ കപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ പാകിസ്ഥാന്റെ നിലപാടിനെ എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം സ്ഥിരീകരിച്ചതോടെ ആരാധകരുടെ പ്രതിഷേധം ഇരട്ടിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഇത്തരം മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നത് ശരിയല്ലെന്നാണ് വലിയൊരു വിഭാഗം ആരാധകരുടെയും നിലപാട്.
അതേസമയം, ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തരുത് എന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്. കളിക്കാർക്ക് ഒരു പ്രശ്നവുമില്ലാത്ത സാഹചര്യത്തിൽ, ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കേണ്ടത് ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇവർ വാദിക്കുന്നു. ഇന്ത്യ-പാക് മത്സരങ്ങൾക്ക് ലോകമെമ്പാടുമുള്ള ആരാധകരുള്ളതിനാൽ അത് ഒഴിവാക്കാനാവാത്തതാണെന്നും ഇവർ പറയുന്നു.
എന്തായാലും, ഏഷ്യ കപ്പ് കളിക്കുക എന്ന ബിസിസിഐയുടെ ഈ തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയൊരു വിഭാഗത്തിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രതിഷേധങ്ങൾ ബിസിസിഐ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം.
