Cricketicc Cricket World CupIndian Cricket TeamSports

സെമിയിൽ ഒരൊറ്റ മാറ്റത്തിന് ഒരുങ്ങി ഗംഭീർ; കുൽദീപ് തിരിച്ചെത്തും?

ടി20 ലോകകപ്പിലെ നിർണ്ണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത( Ind Vs Eng Semi Final).

വെസ്റ്റ് ഇൻഡീസിനെതിരായ ആവേശോജ്വലമായ വിജയത്തിന് ശേഷം ടീം സെമി ഫൈനൽ പോരാട്ടത്തിനായി മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലേക്ക് ചുവടുമാറ്റുമ്പോൾ, ബൗളിംഗ് നിരയിൽ മാറ്റം വരുത്താനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നതെന്നാണ് റിപോർട്ടുകൾ.

സൂപ്പർ എട്ട് മത്സരങ്ങളിൽ ബെഞ്ചിലിരിക്കേണ്ടി വന്ന സ്റ്റാർ സ്പിന്നർ കുൽദീപ് യാദവിനെ സെമിയിൽ തിരികെ വിളിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോമിലുണ്ടായ ഇടിവാണ് ഇന്ത്യയെ ഇത്തരമൊരു ചിന്തയിലേക്ക് നയിക്കുന്നത്. ലോക ഒന്നാം നമ്പർ ബൗളറായ വരുൺ ചക്രവർത്തിക്ക് സൂപ്പർ എട്ട് ഘട്ടത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

സൂപ്പർ എട്ടിലെ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് പത്തിനടുത്താണെന്നത് ടീമിന് വലിയ ആശങ്കയുണ്ടാക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നാലോവറിൽ 47 റൺസ് വഴങ്ങിയ വരുൺ, സിംബാബ്‌വെയ്ക്കെതിരെ 35 റൺസും വിൻഡീസിനെതിരെ 40 റൺസുമാണ് വിട്ടുനൽകിയത്.

റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചിരുന്ന വരുണിനെതിരെ ഇപ്പോൾ എതിർ ബാറ്റർമാർ അനായാസം വമ്പൻ ഷോട്ടുകൾ പായിക്കുന്നു എന്നതാണ് വസ്തുത.

Ind Vs Eng Semi Final

വരുണിന്റെ പകരക്കാരനായി അനുഭവസമ്പത്തുള്ള കുൽദീപ് യാദവ് എത്തുമ്പോൾ അത് മധ്യ ഓവറുകളിൽ ഇംഗ്ലണ്ടിനെ തളയ്ക്കാൻ സഹായിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു.

വാംഖഡെയിലെ ബാറ്റിംഗ് സൗഹൃദ പിച്ചിൽ കുൽദീപിന്റെ ചൈനാമൻ സ്പിൻ കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ബാറ്റിംഗ് നിരയിൽ ഓപ്പണർ അഭിഷേക് ശർമയുടെ ഫോം വലിയ തലവേദനയാണെങ്കിലും സെമി പോലുള്ള വലിയ മത്സരത്തിൽ അദ്ദേഹത്തെ മാറ്റുന്ന സാഹസത്തിന് ടീം മുതിർന്നേക്കില്ല.

പകരക്കാരനായി പരിഗണിക്കാവുന്ന റിങ്കു സിംഗിന്റെ ഫോമും അത്ര മികച്ചതല്ലാത്തതിനാൽ അഭിഷേകിന് തന്നെയാകും നറുക്ക് വീഴുക.

നായകൻ സൂര്യകുമാർ യാദവിന് സ്വന്തം ഹോം ഗ്രൗണ്ടായ വാംഖഡെയിൽ മികച്ച റെക്കോർഡാണുള്ളത്. ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ ഇംഗ്ലീഷ് നിരയെ നേരിടാൻ പ്ലേയിങ് ഇലവനിൽ കൃത്യമായ ബാലൻസ് ഉറപ്പാക്കാനാണ് കോച്ച് ഗംഭീറും സംഘവും ശ്രമിക്കുന്നത്. 2022 ലോകകപ്പ് സെമിയിലെ തോൽവിക്ക് സ്വന്തം മണ്ണിൽ പകരം ചോദിക്കാനുറച്ചാകും ഇന്ത്യ വ്യാഴാഴ്ച ഇറങ്ങുക.

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ:
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.

ALSO READ: സഞ്ജുവിന് സെമി പോരാട്ടം നഷ്ടമായേക്കും? നെഞ്ചിടിപ്പിക്കുന്ന വാർത്ത പുറത്ത്

content: Ind Vs Eng Semi Final