CricketIndian Cricket TeamSports

ഇവരാണോ ഇന്ത്യയ്‌ക്കൊത്ത എതിരാളി? പൊരുതാൻ പോലുമാവാത്ത പാക് പട

പാക് താരങ്ങൾ എത്രോയോക്കെ വെല്ലുവിളിച്ചാലും അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യ എന്നും പാകിസ്താനെതിരെ മുൻതുക്കം നേടാറുണ്ട്.

ഇന്ത്യ- പാക്കിസ്ഥാൻ മത്സരം ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ചാ വിഷയമാണ്. രാഷ്ട്രീയ കാരണങ്ങൾ കൂടാതെ പാക്കിസ്ഥാൻ താരങ്ങളും മുൻ താരങ്ങളും ഇന്ത്യക്കെതിരെ നടത്തുന്ന പ്രസ്താവനകളും ചർച്ചയാവാറുണ്ട്. പാക് താരങ്ങൾ എത്രോയോക്കെ വെല്ലുവിളിച്ചാലും അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യ എന്നും പാകിസ്താനെതിരെ മുൻതുക്കം നേടാറുണ്ട്. ഇന്നലെ ഏഷ്യകപ്പിലും അത് സംഭവിച്ചു. ഏഴ് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ ഇന്നലെ നേടിയത്.

വെല്ലുവിളികൾക്ക് കുറവില്ലെങ്കിലും ഇന്നലെ മത്സരത്തിൽ യാതൊരു രീതിയിലും മുൻ‌തൂക്കം നേടാൻ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ മൃഗീയാധിപത്യം തന്നേയായിരുന്നു മത്സരത്തിൽ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ആദ്യ ബോളിൽ തന്നെ വിക്കറ്റ് നഷ്ടമായി. പാണ്ട്യയും ബുമ്രയും കുൽദീപ്‌മൊക്കെ നിരന്തരം വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന് തലവേദന സൃഷ്ടിച്ചു. ഒടുവിൽ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ നിശ്ചിത 20 ഓവറിൽ 127 റൺസെടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ. വാലറ്റത്തിൽ ഷഹീൻ അഫ്രീദി നേടിയ 33 റൺസ് നേടിയില്ല എങ്കിൽ പാക് പടയുടെ അവസ്ഥ ഇതിലും ദയനീയമായേനെ..

മറുഭാഗത്ത് ഇന്ത്യ ആവട്ടെ തുടക്കത്തിലേ പാക് ബൗളർമാർക്ക് നേരെ ആധിപത്യം നേടി. 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി അഭിഷേക് ശര്‍മ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ടിലിറങ്ങി ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്.

അഫ്രീദിയുടെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ച അഭിഷേകിന് പിന്നാലെ സയ്യിം അയൂബിന്‍റെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി ശുഭ്മാന്‍ ഗില്‍ തുടക്കം ഗംഭീരമാക്കി. ഒടുവിൽ ഏഴ് വിക്കറ്റും 25 പന്തുകളും ബാക്കി നിൽക്കെ ഇന്ത്യ വിജയം നേടുകയും സൂപ്പർ 4 ഉറപ്പാക്കുകയും ചെയ്തു.