Cricketicc Cricket World CupIndian Cricket TeamSports

ഉറ്റവരുടെ മരണം, ഫൈനലിൽ ഇഷാൻ ബാറ്റ് വീശിയത് ദുരന്തവാർത്തകൾക്കിടയിൽ; വെളിപ്പെടുത്തി പിതാവ്

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പിൽ മുത്തമിട്ടപ്പോൾ, ആ വിജയഘോഷങ്ങൾക്കിടയിലും ഇന്ത്യൻ താരം ഇഷാൻ കിഷന്റെ മനസ്സ് നീറുകയായിരുന്നു (Ishan Kishan T20 World Cup Final). വ്യക്തിപരമായ വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിലും രാജ്യത്തിനായി പൊരുതി ജയിച്ച ഇഷാന്റെ വേദന പുറംലോകത്തെ അറിയിച്ചത് താരത്തിന്റെ പിതാവ് പ്രണവ് പാണ്ഡെയാണ്.

ALSO READ; തകർന്ന് പോയനിമിഷങ്ങളുണ്ട്; തുണയായത് ഇതിഹാസ താരം; മനസ്സ് തുറന്ന് സഞ്ജു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഷാൻ കിഷന്റെ കസിൻ സഹോദരിയും ഭർത്താവും ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ദമ്പതികൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മൂന്ന് വയസ്സും ആറ് മാസവും പ്രായമുള്ള ഇവരുടെ മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇഷാന്റെ കുടുംബത്തിന് ഈ മരണം വലിയ ആഘാതമായി മാറി.

ഫൈനൽ മത്സരം നേരിൽ കാണാനായി അഹമ്മദാബാദിലേക്ക് പുറപ്പെടാനിരിക്കെയാണ് ഈ ദുരന്തവാർത്ത കുടുംബം അറിയുന്നത്. ഇതോടെ ഇഷാന്റെ മാതാപിതാക്കൾക്ക് സ്റ്റേഡിയത്തിലേക്ക് എത്താൻ സാധിച്ചില്ല.

Ishan Kishan T20 World Cup Final

വാർത്ത അറിഞ്ഞത് മുതൽ ഇഷാൻ പൂർണ്ണമായും തകർന്നിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. ഫൈനലിന് മുന്നോടിയായുള്ള പരിശീലന സെഷനുകളിൽ ഇഷാന്റെ പതിവ് ഊർജ്ജസ്വലത കാണാനില്ലായിരുന്നു. സാധാരണ നീണ്ടുനിൽക്കാറുള്ള ബാറ്റിംഗ് സെഷനുകൾ പോലും താരം വേഗത്തിൽ അവസാനിപ്പിച്ചു.

സഹതാരങ്ങൾ അരികിലെത്തി ആശ്വസിപ്പിച്ചെങ്കിലും ആ വേദന കടിച്ചമർത്തിയാണ് ഇഷാൻ മൈതാനത്തേക്ക് ഇറങ്ങിയത്.

എന്നാൽ വ്യക്തിപരമായ ഈ വലിയ നഷ്ടം കളിയെ ബാധിക്കാതിരിക്കാൻ ഇഷാൻ പ്രത്യേകം ശ്രദ്ധിച്ചു. ഫൈനലിൽ മൂന്നാം നമ്പറിൽ ക്രീസിലെത്തിയ താരം വെറും 25 പന്തിൽ നിന്ന് 54 റൺസാണ് അടിച്ചുകൂട്ടിയത്.സഞ്ജു സാംസണൊപ്പം രണ്ടാം വിക്കറ്റിൽ 105 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് പടുത്തുയർത്താനും ഇഷാന് സാധിച്ചു.

ടൂർണമെന്റിലെ താരത്തിന്റെ മൂന്നാമത്തെ അർദ്ധ സെഞ്ചുറിയായിരുന്നു ഇത്. ബാറ്റിംഗിൽ മാത്രമല്ല, ഫീൽഡിംഗിലും ഇഷാൻ വിസ്മയം തീർത്തു.

രചിൻ രവീന്ദ്രയെയും ടിം സെയ്ഫെർട്ടിനെയും പുറത്താക്കാൻ എടുത്ത രണ്ട് അവിശ്വസനീയമായ ക്യാച്ചുകൾ കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

ഒൻപത് ഇന്നിങ്സുകളിൽ നിന്ന് 317 റൺസ് നേടിയ ഇഷാൻ കിഷൻ, ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമായാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

രാജ്യത്തിന്റെ അഭിമാനം കാക്കാൻ സ്വന്തം വേദനകൾ മാറ്റിവെച്ച് പൊരുതിയ ഇഷാന്റെ ഈ പോരാട്ടവീര്യത്തെ ക്രിക്കറ്റ് ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

content: Ishan Kishan T20 World Cup Final